64ാമത് സംസ്ഥാന സ്കൂൾ കായികമേള; സ്വന്തം മണ്ണിൽ കാലിടറി തലസ്ഥാനം
text_fieldsതിരുവനന്തപുരം: സ്വന്തം മണ്ണിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കാലിടറി തിരുവനന്തപുരം. ട്രാക്കിലും ഫീൽഡിലും നടന്ന 98 ഫൈനലുകളിൽ 13 എണ്ണത്തിലൊഴികെ എതിരാളികൾക്ക് കാര്യമായ വെല്ലുവിളിയുയർത്താൻപോലും തലസ്ഥാനത്തെ കൗമാര താരങ്ങൾക്ക് കഴിഞ്ഞില്ല. 2019ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 104.5 പോയന്‍റുമായി നാലാം സ്ഥാനത്തായിരുന്ന ജില്ലയാണ് അമ്പേ കീഴ്പ്പോട്ട് മൂക്കുകുത്തി വീണത്.
2019ൽ ജി.വി രാജയുടെയും കാര്യവട്ടം സായിയുടെയും പിൻബലത്തിലായിരുന്നു തലസ്ഥാനത്തിന്‍റെ കുതിപ്പ്. എന്നാൽ, ഇത്തവണ ഏഴാം സ്ഥാനമാണ് ജില്ലക്ക് നേടാനായത്. അക്കൗണ്ടിലെത്തിയതാകട്ടെ, നാല് സ്വർണമടക്കം 61 പോയന്‍റും. സീനിയർ 100 മീറ്റർ ഓട്ടത്തിൽ ജി.വി. രാജയുടെ സി.വി. അനുരാഗും ജൂനിയർ വിഭാഗം ഹാമർ ത്രോയിൽ ജി.വി. രാജയുടെ തന്നെ മുഹമ്മദ് നിഹാലും സീനിയർ വിഭാഗം ആൺകുട്ടികളുടെ 1500, 800 മീറ്റർ ഓട്ടത്തിൽ കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസിന്‍റെ എസ്. ഇന്ദ്രനാഥിന്‍റെയും വകയായിരുന്നു ജില്ലക്ക് ലഭിച്ച പൊന്ന്.
മൂന്നുവർഷം മുമ്പ് വരെ തലസ്ഥാനത്തിന്‍റെ മെഡൽ നേട്ടത്തിൽ മുഖ്യപങ്കാളികളായിരുന്ന കാര്യവട്ടം സായും വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്കൂളും ഇത്തവണ കാഴ്ചക്കാരുടെ റോളിലായിരുന്നു. മികച്ച ഒരു പ്രകടനം പോലും ഈ രണ്ട് കായിക സ്കൂളുകളിൽ നിന്ന് ജില്ലക്ക് ലഭിച്ചില്ല.
ഏറെ പ്രതീക്ഷയോടെ എത്തിയ ജി.വി. രാജക്കാകട്ടെ പല ഇനങ്ങളിലും വൻ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ മാസം നടന്ന റവന്യൂ ജില്ല കായികമേളയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത് പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളമായിരുന്നു. എന്നാൽ, സംസ്ഥാനതലത്തിൽ 17 ാം സ്ഥാനമാണ് സ്കൂളിന് നേടാനായത്. ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തിയ എം.വി.എച്ച്.എസ്.എസ് അരുമാനൂരിനാകട്ടെ ആറ് പോയന്‍റുമായി 30ാം സ്ഥാനവും.
ത്രോ, ജംപ്, റിലേ ഇനങ്ങളിൽ പാലക്കാട്, കോഴിക്കോട് മലപ്പുറം ജില്ലകൾ ആധിപത്യം പുലർത്തിയപ്പോൾ തിരുവനന്തപുരം ചിത്രത്തിൽപോലുമുണ്ടായിരുന്നില്ല. കോവിഡാണ് താരങ്ങളുടെ പ്രകടനത്തെ പിന്നോട്ടടിച്ചതെന്ന് സർക്കാർ സ്കൂളിലെ പരിശീലകർക്ക് ആരോപിക്കാമെങ്കിലും തലസ്ഥാനത്തെ കായിക സ്കൂളുകൾക്ക് ഈ തൊടുന്യായം മതിയാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.