ജില്ലയിൽ 866 പേർക്ക് പട്ടയം; ഭൂരഹിതരില്ലാത്ത കേരളം നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി
text_fieldsതിരുവനന്തപുരം: ജില്ലയില്‍ 866 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടത്തിയ പട്ടയമേളയിലാണ് റവന്യൂമന്ത്രി മന്ത്രി കെ. രാജന്‍ പട്ടയങ്ങൾ കൈമാറിയത്. ജില്ലയില്‍ 750 പട്ടയങ്ങളാണ് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്.
ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സ്വന്തമായി തണ്ടപ്പേര് ഇല്ലാത്ത ആളുകളെ കണ്ടെത്താന്‍ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പട്ടയങ്ങള്‍ ഡിജിറ്റലാക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ഇ-പട്ടയങ്ങള്‍ നിലവില്‍ വരുന്നതോടെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പട്ടയവുമായി ബന്ധപ്പെട്ട സകല രേഖകളും ഡിജിറ്റല്‍ ലോക്കര്‍ വഴി ലഭ്യമാകും.
ഒരുവര്‍ഷത്തിനുള്ളില്‍ 1100ലധികം പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗതാഗതമന്ത്രി ആന്‍റണി രാജു അധ്യക്ഷതവഹിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ് ഓഫിസുകളില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഇന്നില്ല. അതുപോലെ ഒരിക്കല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതികൊണ്ടു വന്നതും ഗുണകരമായ മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യവകുപ്പ് കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 1,53,312 റേഷന്‍ കാര്‍ഡുകളാണ് മുന്‍ഗണനാ കാര്‍ഡുകളായി നല്‍കിയതെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. മേയ് 20ഓടുകൂടി ഒരു ലക്ഷം കാര്‍ഡുകള്‍കൂടി ഈ വിഭാഗത്തില്‍ നല്‍കും. സാധാരണക്കാരായ ആളുകള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ മേഖലയിലും നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, കൗണ്‍സിലര്‍ ജാനകി അമ്മാള്‍, എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍, സബ് കലക്ടര്‍ മാധവിക്കുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.