തീകൊളുത്തി യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവ് ഉൾപ്പെടെ പ്രതികളെ വെറുതെ വിട്ടു
text_fieldsതിരുവനന്തപുരം: വർക്കല സ്വദേശി നിഷയെ (30) മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാകാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ദീപു (45), മാതാവ് സുഭദ്ര (63) എന്നിവരെ തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
2019 ഒക്ടോബർ 21 നായിരുന്നു ദീപുവുമൊത്ത് നിഷയുടെ വിവാഹം. അന്നുമുതൽ ദീപുവും സുഭദ്രയും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുകയും പലതവണ വീട്ടിൽനിന്ന് ഇറക്കിവിട്ടതായും എഫ്.ഐ.ആറിൽ പറയുന്നു.
2020 ഒക്ടോബർ 24ന് നിഷയെ ദീപുവും സുഭദ്രയും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മൊത്തം 53 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ നിഷയുടെ മാതാവും സഹോദരനും അടക്കം 26 സാക്ഷികളെ വിസ്തരിച്ചു. നിഷയെ തീ കൊളുത്തി കൊന്നതാണെന്നാണ് സാക്ഷിമൊഴികൾ
എന്നാൽ മരണം കൊലപാതകമോ ആത്മഹത്യയോ അതോ അപകടം മൂലമോ എന്ന കാര്യത്തിൽപോലും വ്യക്തത വരുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന ലീഗൽ ഡിഫൻസ് കൗൺസിൽ അഡ്വ. അനുജ എം.എസിന്റെ വാദം കോടതി അംഗീകരിച്ചു. മണ്ണെണ്ണ കൊണ്ടുവന്ന കന്നാസ് കണ്ടെത്താനോ അതിൽനിന്ന് പ്രതികളുടെ വിരലടയാളം ശേഖരിക്കാനോ പോലും അന്വേഷണസംഘം ശ്രമിച്ചില്ലെന്നും പൊലീസ് ആരോപിക്കുന്ന കാര്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.