ലൈറ്റുകൾ നിർമിക്കാത്ത കമ്പനിക്ക് ഇ-ടെൻഡർ വിളിക്കാതെ വീണ്ടും രണ്ടരക്കോടിയുടെ കരാർ നൽകി
text_fieldsതിരുവനന്തപുരം: കൊല്ലത്തെ പൊതുമേഖല സ്ഥാപനമായ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് ലിമിറ്റഡിന് (മീറ്റർ കമ്പനി) ഇ-ടെൻഡർ വിളിക്കാതെ രണ്ടരക്കോടിയുടെ കരാർ നൽകിയത് 2018 ആഗസ്റ്റ് 31ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരമായിരുന്നെന്നാണ് മേയർ ആര്യ രാജേന്ദ്രെൻറയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിെൻറയും വാദം.എന്നാൽ, ഈ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ബന്ധപ്പെട്ട ഉത്തരവും.
സ്വന്തമായി ഉൽപന്നങ്ങൾ 'നിർമിക്കുന്ന' സർക്കാർ ഏജൻസികളിൽനിന്ന് ടെൻഡർ വിളിക്കാതെ സാധനങ്ങൾ വാങ്ങാൻ 2016ൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു.
ഇതുപ്രകാരമാണ് തദ്ദേശസ്ഥാപനങ്ങൾക്കാവശ്യമായ എൽ.ഇ.ഡി ലൈറ്റുകളും സ്പെയർ പാർട്സുകളും 'സ്വന്തമായി നിർമിക്കുന്നു'ണ്ടെന്ന് കാണിച്ച് മീറ്റർ കമ്പനി മാജേനിങ് ഡയറക്ടർ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റിക്ക് 2018 ജൂലൈ മൂന്നിന് കത്ത് നൽകിയത്.
കത്തിെൻറ അടിസ്ഥാനത്തിലാണ് ടെൻഡർ കൂടാതെ സാധനങ്ങൾ നൽകാനുള്ള പട്ടികയിൽ മീറ്റർ കമ്പനിയെയും ഇടത് സർക്കാർ ഉൾപ്പെടുത്തിയത്. മീറ്റർ കമ്പനിയിൽനിന്ന് ടെൻഡറില്ലാതെ സാധനങ്ങൾ വാങ്ങാമെന്ന 2018 ആഗസ്റ്റ് 31ലെ സർക്കാർ ഉത്തരവിലും സർക്കാർ ഏജൻസികൾ 'നിർമിക്കുന്ന' സാധനങ്ങൾ എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ മീറ്റർ കമ്പനി സ്വന്തമായി ലൈറ്റുകൾ നിർമിക്കുന്നില്ലെന്നും പകരം സ്വകാര്യ കമ്പനികളിൽനിന്ന് ലൈറ്റുകൾ വാങ്ങി അതിൽ കമ്പനിയുടെ സ്റ്റിക്കർ പതിപ്പിച്ച് നൽകുകയാണെന്നും നഗരസഭയുടെ ഇലക്ട്രിക്കൽ വിഭാഗം കണ്ടെത്തിയിരുന്നു.
എന്നാൽ, ഇതെല്ലാം മറച്ചുപിടിച്ചാണ് ലൈറ്റുകൾ നിർമിക്കാത്ത കമ്പനിക്ക് ചട്ടവിരുദ്ധമായി ഇ-ടെൻഡർ വിളിക്കാതെ വീണ്ടും രണ്ടരക്കോടിയുടെ കരാർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.