ആമയിഴഞ്ചാൻ തോട്ടിൽനിന്ന് ദിവസം ശേഖരിക്കുന്നത് ഒന്നര ടൺ പ്ലാസ്റ്റിക്
text_fieldsതിരുവനന്തപുരം: നഗരത്തിലെ പ്രധാന ആറായ ആമയിഴഞ്ചാൻതോട്ടിൽ നിന്നും കൈവഴികളിൽനിന്നും ദിവസവും ഒന്നര ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നു. ജർമൻ ആസ്ഥാനമായ പ്ലാസ്റ്റിക് ഫിഷർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലെ സ്റ്റാർട്ടപ്പാണ് ജലവിഭവ വകുപ്പുമായി ചേർന്ന് മാലിന്യം ശേഖരിക്കുന്നത്. തലസ്ഥാനത്ത് 18 ഇടങ്ങളിലായി മാലിന്യ ശേഖരണം പുരോഗമിക്കുന്നു. ജലത്തിൽ പൊങ്ങിക്കിടക്കുന്ന ട്രാഷ്ബൂം എന്ന ഉപകരണത്തിൽ വന്നടിയുന മാലിന്യത്തിൽ നിന്ന് തൊഴിലാളികൾ പ്ലാസ്റ്റിക്കുകൾ ശേഖരിക്കും.
ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം വള്ളക്കടവിലെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച് ഉണക്കി വിവിധ ഇനങ്ങളായി വേർതിരിച്ച് സംസ്കരിക്കുകയാണ് രീതി. സിമന്റ് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ നിർമാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. 23 തൊഴിലാളികൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഒന്നര വർഷം കൊണ്ട് തിരുവനന്തപുരത്തുനിന്ന് 230 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിച്ചതായി അതികൃതർ പറഞ്ഞു. തകരപ്പറമ്പ്, കെ.എസ്.ആർ.ടി.സി ടെർമിനൽ, ഉള്ളൂർ, പട്ടം തോട്ടിലെ മൂന്നിടങ്ങൾ, കുറവൻകോണം, തെറ്റിയാർ, കിള്ളി, കരമനയാർ, മുടവൻമുഗൾ, ആറ്റുകാൽ എന്നിങ്ങനെ 18 ഇടങ്ങളിൽ നിന്നുമാണ് മാലിന്യം ശേഖരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.