പുഴയും കടന്ന് കാട്ടാനക്കൂട്ടം; കല്ലാറിൽ വ്യാപക കൃഷിനാശം
text_fieldsവിതുര: കാട്ടാനക്കൂട്ടം കല്ലാർ പുഴയും കടന്ന് ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് കല്ലാർ 26ാംകല്ല് ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങിയത്.
വനവകുപ്പിൽ കല്ലാർ ഫോറസ്റ്റ് ബീറ്റിൽ വാച്ചറായി ജോലി നോക്കിയിരുന്ന രഘുവരൻ നായരുടെ വീടിനുസമീപം രാത്രി മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാഴയും തെങ്ങും മറ്റു കാർഷിക വിളകളും നശിപ്പിച്ചു.
സമീപവാസിയും കല്ലാർ സംരക്ഷണ സമിതി പ്രസിഡൻറുമായ കല്ലാർ ഗോപിനാഥൻ നായർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് സംഭവം കാണുന്നത്. കാട്ടുപന്നിയുടെ ശല്യമാണെന്ന് കരുതിയാണ് ഇദ്ദേഹം പുറത്തേക്ക് ഇറങ്ങിയത്.
കല്ലാർ 25ാംബ്ലോക്കിലും 24ാം ബ്ലോക്കിലുമായി സ്ഥിതിചെയ്യുന്ന മണിപ്പാറ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ഐ. മഞ്ജുവിന്റെയും ആർ. മനോജിന്റെയും ഭൂമിയിലെ കാർഷികവിളകളും മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വസന്തകുമാരി, പ്രേമകുമാരി, പി. ശ്രീകുമാരി എന്നിവരുടെ സ്ഥലത്തെ കല്ലടുക്കുകൾ നശിപ്പിച്ച് പുരയിടത്തിലെ വിളകളും നശിപ്പിച്ചു.
ആദ്യമായിട്ടാണ് കല്ലാർപുഴയും കടന്ന് ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടമെത്തുന്നത്.
കാട്ടാനശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് സ്ഥലം സന്ദർശിച്ച വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജുഷ, ജില്ല ഫോറസ്റ്റ് ഡിവിഷനൽ ഓഫിസറോട് ആവശ്യപ്പെട്ടു.
സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, വൈസ് പ്രസിഡൻറ് സന്ധ്യ ബി.എസ്. നായർ, കല്ലാർ വാർഡ് മെംബർ ഐ.എസ്. സുനിത, കല്ലാർ വനസംരക്ഷണ സമിതി പ്രസിഡൻറ് കല്ലാർ ഗോപിനാഥൻ നായർ എന്നിവർ സ്ഥലത്തെത്തിയ ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും കാർഷിക വിളകൾക്കും ഭീഷണിയാകുന്നതിൽനിന്ന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.കാർഷിക വിളകൾക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.