വിതുര ജേഴ്‌സിഫാമിൽ കാട്ടാനക്കൂട്ടം പുൽക്കൃഷി നശിപ്പിച്ചു
text_fieldsവിതുര: വിതുര അടിപറമ്പ് േജഴ്സിഫാമിൽ കാട്ടാനക്കൂട്ടമിറങ്ങി പുൽക്കൃഷി ഉൾപ്പെടെ നശിപ്പിച്ചു. കഴിഞ്ഞദിവസം ഇറങ്ങിയ ആനക്കൂട്ടത്തിൽ ഒരു കുട്ടിയാന ഉൾപ്പെടെ ഉണ്ടായിരുന്നു. രണ്ടുദിവസമായി തുടർച്ചയായി ഫാമിൽ ആനയിറങ്ങുന്നുണ്ട്. പകൽസമയം ഫാം വളപ്പിനോടുചേർന്ന വനത്തിൽ കഴിയുന്ന ഇവ വൈകീട്ടോടെയാണ് കൃഷിയിടത്തിലിറങ്ങുന്നത്.
പശുക്കൾക്ക് നൽകുന്നതിനായി നട്ടുവളർത്തിയ അത്യുൽപാദനശേഷിയുള്ള പുല്ലിനങ്ങളിൽ നല്ലൊരു ഭാഗവും ആനക്കൂട്ടം ചവിട്ടിമെതിച്ചു. കൃഷിയിടങ്ങളിലെ ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളും നശിപ്പിച്ചു. കൃഷിയിടങ്ങളിൽ ഉൾപ്പെടെ നൂറിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ആനശല്യം രൂക്ഷമായതോടെ ഭീതിയിലാണ് ഇവർ. ആനകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമില്ലെന്ന് തൊഴിലാളികൾ പറയുന്നു. വനവുമായി അതിർത്തി പങ്കിടുന്ന ഫാമിലേക്ക് വന്യമൃഗങ്ങൾക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയുന്നുണ്ട്. കിടങ്ങുകളോ സുരക്ഷാവേലികളോ ഇല്ലാത്തതും ഇവക്ക് സഹായമാകുന്നു.
കാട്ടുപോത്ത്, പന്നി, മ്ലാവ് എന്നിവയുടെ ശല്യത്തിനുപുറമേ ആനകൾകൂടി ഇറങ്ങിയതോടെ ആശങ്കയിലാണ് അധികൃതർ. കഴിഞ്ഞവർഷം നവംബറിൽ ഫാം വളപ്പിൽ പുലിയെ കണ്ടതായി തൊഴിലാളികൾ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.