കാറ്റിൽ കടപുഴകി കൂറ്റന്‍ മഹാഗണിമരം; വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട്
text_fieldsതിരുവനന്തപുരം: തൈക്കാട് ആർട്സ് കോളജിനുമുന്നിലെ കൂറ്റൻ മഹാഗണിമരം കാറ്റത്ത് കടപുഴകി വീണ് തൊട്ടടുത്തുള്ള വീടിനും ഹരേകൃഷ്ണ ആശ്രമത്തിനും കേടുപാടുണ്ടായി. ആളപായമില്ല. ഞായറാഴ്ച ഉച്ചക്ക് 1.45നായിരുന്നു വര്‍ഷങ്ങള്‍ പഴക്കമുള്ള മരം വേരോടെ കടപുഴകിയത്.
റോഡ്വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും രണ്ടുബൈക്കുകളും മരത്തിനടിയില്‍പെട്ടു. ബൈക്കുകൾ പൂര്‍ണമായും തകര്‍ന്നു. തുടർന്ന് ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി ശിഖരങ്ങള്‍ മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്. ശിഖരം പതിച്ച് ആശ്രമത്തിന്റെ ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയാണ് തകര്‍ന്നത്. ആശ്രമത്തിൽ ഭജന നടക്കുന്ന ദിനമായിരുന്നു. അതിനായി നിരവധി വിശ്വാസികളും എത്തിയിരുന്നെങ്കിലും സംഭവം നടക്കുമ്പോൾ അവരെല്ലാം അകത്തേക്ക് പോയതിനാൽ ആളപായമില്ലാതെ രക്ഷപ്പെട്ടു. തൊട്ടടുത്തെ വീടിന്റെ മുന്വശമുൾപ്പെടെ തകർന്നു. പുറത്തിറങ്ങാനാകാതെ ഈ വീട്ടുകാര്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയി.
മരത്തിന്റെ അപകടാവസ്ഥ പലതവണ പരിസരവാസികൾ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. മരം വനംവകുപ്പിനുകീഴിലുള്ളതാണെന്നും മുറിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ഇവർക്ക് ലഭിച്ചത്.
ചെങ്കല്‍ച്ചൂള യൂനിറ്റില്‍നിന്ന് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ ഷാജിഖാന്റെ നേതൃത്വത്തില്‍ മൂന്ന് വാഹനങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണിക്കൂറുകളെടുത്താണ് വലിയ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയത്. മരം പൂര്‍ണമായും നീക്കാനായിട്ടില്ല. ക്രെയിനും മറ്റും ഉപയോഗിച്ച് വിദഗ്ധതൊഴിലാളികൾ വേണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
തലനാരിഴക്ക് രക്ഷപ്പെട്ട് മണികണ്ഠൻ
എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ മണികണ്ഠൻ കണ്ടത് താഴേക്ക് വരുന്ന വലിയ ശിഖരമാണ്. ഓടി മാറിയതിനാൽ മരത്തിനടിയിൽ പെടാതെ രക്ഷപ്പെട്ടു. എന്നാൽ, കടയിൽ സ്പ്രേ പെയിന്റിങ് ചെയ്യാനായി കൊണ്ടുെവച്ച ബൈക്കിന് കേടുപാടുണ്ടായി. സംഭവസ്ഥലത്തെ റോഡരികിലായി സ്പ്രേ പെയിന്റിങ് കട നടത്തുന്നയാളാണ് തൈക്കാട് ശാസ്താക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മണികണ്ഠൻ.
റോഡുപണി കാരണം നിരവധി നാളായി തൊഴിലില്ലാതിരുന്ന ഇയാൾ അടുത്തിടെയാണ് വീണ്ടും സജീവമായത്. അപ്പോഴാണ് ഇരുട്ടടിയായി ഈ ദുരന്തമെത്തിയത്. ഏഴായിരത്തോളം രൂപയുടെ നഷ്ടമുണ്ട് മണികണ്ഠന്. മറ്റൊരാളുടെ വാഹനമായിനാൽ നന്നാക്കിക്കൊടുക്കണം. കടക്കും കേടുപാടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.