റൺവേക്ക് മുകളിലെ പട്ടം ആറ് വിമാനങ്ങളുടെ വഴിമുടക്കി
text_fieldsവലിയതുറ: റൺവേക്ക് മുകളിൽ 210 അടിയിൽ പറന്ന പട്ടം വ്യോമയാന ഗതാഗതത്തെ ‘വട്ടംചുറ്റിച്ചു’. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ആറു വിമാനങ്ങളുടെ യാത്ര അലങ്കോലമായി.
ശനിയാഴ്ച വൈകീട്ടാണ് മുട്ടത്തറ പൊന്നറ പാലത്തിനു സമീപമുള്ള റണ്‍വേക്കും വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റിനും മധ്യേയുള്ള ഭാഗത്തുനിന്ന് ആരോ 210 അടി ഉയരത്തിൽ പട്ടം പറത്തിയത്. ഇതോടെ നാലു വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. പുറപ്പെടാനൊരുങ്ങിയ രണ്ടു വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചു. രാജീവ് അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ പറക്കലും നിര്‍ത്തി.
ശനിയാഴ്ച വൈകീട്ട് പട്ടം ഉയരത്തില്‍ പറക്കുന്നത് എയര്‍പോര്‍ട്ട് ഓപറേഷന് കണ്ട്രോള് സെന്ററിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് അടിയന്തര സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.
വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയും ഏപ്രണിലെ ഉദ്യോഗസ്ഥരും റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിനെ താഴെയിറക്കാന്‍ ശ്രമം നടത്തി.
അഗ്നിരക്ഷാ വാഹനത്തില്‍നിന്ന് പട്ടം നില്ക്കുന്ന ഭാഗത്തേക്ക് ഉയരത്തില്‍ വെള്ളം ചീറ്റിച്ചു. വിമാനത്താവളത്തില്‍ പക്ഷികളെ തുരത്തിയോടിക്കുന്ന ബേര്‍ഡ് സ്കെയര്‍സ് ജീവനക്കാര്‍ പട്ടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചുവെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് ലാന്‍ഡിങ്ങിനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോട് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് വിമാനത്താവള പരിധിയില്‍ വട്ടമിട്ട് പറക്കാനുള്ള ‘ഗോ എറൗണ്ട്’ സന്ദേശവും നൽകി.
4.22ഓടെ മസ്കത്തില് നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യാ, ഡല്‍ഹിയില്‍നിന്നെത്തിയ എയര്‍ ഇന്ത്യ, ബംഗളൂരുവില്‍നിന്നെത്തിയ ഇന്‍ഡിഗോ എന്നീ വിമാനങ്ങള്‍ക്കാണ് 'ഗോ എറൗണ്ട് ' നിര്‍ദേശം നല്‍കിയത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്, ബംഗളൂരുവിലേക്കു പോകേണ്ട ഇന്‍ഡിഗോ വിമാനങ്ങളാണ് പിടിച്ചിട്ടത്.
രണ്ടര മണിയ്ക്കൂറോളം കാറ്റില്‍ പറന്നുനടന്ന പട്ടം താനേ നിലംതൊട്ട ശേഷമാണ് വിമാനങ്ങള്‍ക്ക് പോകുന്നതിനും ഇറങ്ങുന്നതിനുമുള്ള തടസ്സം മാറിയത്. വട്ടമിട്ടുപറന്ന വിമാനങ്ങള്‍ ഓള്‍സെയിന്റ്സ് ഭാഗത്തുള്ള റണ്‍വേയിലൂടെ ലാന്‍ഡ് ചെയ്യുകയായിരുന്നു.
പിടിച്ചിട്ട വിമാനങ്ങള്‍ രാത്രിയോടെ പുറപ്പെട്ടു. വലിയതുറ പൊലീസ് പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പക്ഷിപ്പേടിക്ക് പിന്നാലെ പട്ടം പറത്തലും ഭീഷണി
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പക്ഷിപ്പേടിക്ക് പിന്നാലെ മത്സര പട്ടം പറത്തലും വിമാനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ശനിയാഴ്ചത്തെ സംഭവം അധികൃതർ ഗൗരവമായി തന്നെയാണ് കാണുന്നത്. വിമാനത്താവള പരിസരത്ത് പട്ടം പറത്തല്‍ സ്ഥിരം സംഭവമാണ്. ഇക്കൂട്ടരെ പിടികൂടാന്‍ പൊലീസ് തയാറാകാത്തതിൽ വിമാന യാത്രികര്‍ക്കിടയിലും അമര്‍ഷമുണ്ട്.
മുന്‍ വര്‍ഷങ്ങളിലും വിമാനങ്ങള്‍ക്ക് പട്ടം പറത്തല്‍ ഭീഷണി ഉണ്ടാക്കിയതായി സമീപവാസികളും പറയുന്നു. പട്ടം ഉയര്‍ത്തിയ ഭീഷണി മൂലം നൂറുകണക്കിന് വിമാന യാത്രികരാണ് മണിയ്ക്കൂറോളം ബുദ്ധിമുട്ട് അനുഭവിച്ചത്. ഒപ്പം പക്ഷിയിടി ഭീഷണി വേറേയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.