നഗരത്തിന് പുതിയ മാസ്റ്റർപ്ലാൻ നിലവിൽവന്നു
text_fieldsതിരുവനന്തപുരം: കോർപറേഷനിൽ പുതിയ മാസ്റ്റർപ്ലാൻ നിലവിൽ വന്നു. കെട്ടിടനിർമാണ പെർമിറ്റ്, ഭൂമി വാങ്ങൽ, വിൽക്കൽ, കൈവശാവകാശം അടക്കം അപേക്ഷകൾ സ്വീകരിക്കുകയും തീർപ്പാക്കുകയും ചെയ്യുക ഇനി പുതിയ മാസ്റ്റർ പ്ലാൻ പ്രകാരമായിരിക്കും. വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന മാസ്റ്റർപ്ലാൻ 2040 വരേക്കുള്ളതാണ്. മുമ്പ് രണ്ട് സോണുകൾ മാത്രമായിരുന്ന കോർപറേഷൻ പുതിയ മാസ്റ്റർപ്ലാൻ പ്രകാരം 25 സോണുകളാക്കി. ഇൻഡസ്ട്രിയൽ, ടൂറിസം, ഐ.ടി, റസിഡൻഷ്യൽ എന്നിങ്ങനെ മുൻഗണനകൾ അടിസ്ഥാനമാക്കിയാണ് സോണുകൾ. മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നതിന് മൂന്ന് പ്രത്യേക സോണുകൾ നീക്കിവെച്ചിട്ടുണ്ട്.
കിഴക്കേകോട്ട, കവടിയാർ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പൈതൃക മേഖലയുമുണ്ട്. മാസ്റ്റർ പ്ലാൻ പ്രാബല്യത്തിലായതോടെ കോവളം മേഖല ഉൾപ്പെടുന്ന വിഴിഞ്ഞം സ്കീം അടക്കം പലതും റദ്ദാക്കി. തുറസ്സായതും ഹരിതാഭവുമായ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കരട് മാസ്റ്റർ പ്ലാനിൽ കോട്ടക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ‘നിർമാണരഹിത’ മേഖലകളാക്കി. സോണുകളിൽ പുതിയ പാർക്കുകളും വരും. പദ്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വികസനത്തിന് നിയന്ത്രണങ്ങളുണ്ടാകും. നഗരത്തിനുള്ളിലെ ഗ്രീൻ സോണുകളിലും ജലാശയങ്ങളിലും സംരക്ഷണ പദ്ധതികളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.