കനത്ത മഴയിൽ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം താറുമാറായി
text_fieldsതിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും പേട്ട റെയിൽവേ സ്റ്റേഷനിലെ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം താറുമാറായി. തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. പേട്ട റെയിൽവേ ആശുപത്രിക്ക് സമീപത്തുള്ള മരമാണ് കടപുഴകിയത്. റെയിൽവേ ലൈനിലേക്ക് വീണെങ്കിലും ലൈനുകൾ പൊട്ടി വീഴാത്തതിനാൽ വലിയ അപകടം ഒഴിവായി.
എന്നാൽ, വൈദ്യുതി പോസ്റ്റുകൾ ചരിഞ്ഞു. രണ്ട് ട്രാക്കുകളിലായി മരം വീണതിനാലാണ് ഗതാഗത തടസ്സമുണ്ടായത്. ഒരു ട്രാക്കിലൂടെ ട്രെയിൻ എത്താനുള്ള സമയമായതിനാൽ അവിടെ വീണ ശിഖരങ്ങൾ ആദ്യം വെട്ടി മാറ്റി. പിന്നീട്, മണിക്കൂറോളം പരിശ്രമിച്ച് രണ്ടാം ട്രാക്കിലെ ശിഖരങ്ങളും നീക്കം ചെയ്തു. എന്നാൽ, ഇത്രയും സമയമെടുത്തതിനാൽ ട്രെയിനുകൾ സർവിസ് നടത്തുന്നതിലും കാലതാമസമുണ്ടായി.
ആറരക്കുശേഷം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ ട്രെയിനുകൾ വൈകി. രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന അമൃത എക്സ്പ്രസ് 9.50 ഒാടെയാണ് പുറപ്പെട്ടത്. 8.45ന് പുറപ്പെടേണ്ട മാംഗ്ലൂർ എക്സ്പ്രസ് പത്തേകാലോടെയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തേക്ക് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.