നാട്ടുകാരെ ഭീതിയിലാക്കി മംഗലപുരത്ത് കാട്ടുപോത്ത്
text_fieldsപോത്തൻകോട്: മംഗലപുരം തലക്കോണത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം ഡി.എഫ്.ഒ അനിൽ ആൻറണിയുടെ നേതൃത്വത്തിൽ അഞ്ചൽ, കുളത്തൂപ്പുഴ, പാലോട്, പരുത്തിപള്ളി എന്നിവിടങ്ങളിൽ നിന്ന് അൻപതിലധികം വനപാലകരും റാപിഡ് റെസ്പോൻസ് ടീമും സ്ഥലത്തത്തി. ബുധൻ രാവിലെ ഏഴോടെ തുടങ്ങിയ ശ്രമം രാത്രി 7.30 ഓടെ അവസാനിച്ചു. വ്യാഴാഴ്ച രാവിലെ ആറ് മുതൽ ദൗത്യം തുടങ്ങുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.
ഒരാഴ്ച മുൻപ് വീടുകളുടെ പരിസരത്തും കാടുപിടിച്ച് കിടക്കുന്ന ടെക്നോസിറ്റിയുടെയും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുമാണ് കാട്ടുപോത്ത് താവളമുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം മംഗലപുരം ടെക്നോസിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ കാട്ടുപോത്ത് മേഞ്ഞ് നടക്കുന്നത് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും മൊബൈലിൽ പകർത്തിയാണ് പുറത്തറിയാൻ ഇടയായത്. ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന സംശയം ഉയർന്നു. തുടർന്ന് നാട്ടുകാർ പഞ്ചായത്തധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. കാൽപ്പാടുകളും വിസർജ്യവും കണ്ടാണ് വനപാലകർ കാട്ടുപോത്താണെന്ന് ഉറപ്പിച്ചത്.
നാല് സംഘങ്ങളായി തിരിഞ്ഞാണ് വനപാലകർ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. കാട്ടിനുള്ളിൽ കാട്ടുപോത്തിനെ കണ്ടെത്തിയെങ്കിലും മയക്കുവെടിവെക്കാൻ കഴിഞ്ഞില്ല. ഒരു വശത്തേക്ക് കാട്ടുപോത്തിനെ ഓടിക്കാൻ സാമ്പിൾ വെടിവെച്ചെങ്കിലും ശബ്ദംകേട്ട കാട്ടുപോത്ത് റോഡിലൂടെ ഓടി മറ്റൊരു സ്ഥലത്തൂടെ വീണ്ടും കുറ്റിക്കാട്ടിലേക്ക് കയറി. കാരമൂട് പള്ളിപ്പുറം സി.ആർ.പി.എഫ് റോഡ് വഴിയുള്ള ഗതാഗതം തിരിച്ച് വിട്ടു.
ജനവാസമേഖലയായതിനാൽ ആവശ്യമെങ്കിൽ നിരോധനാജ്ഞ ഏർപ്പെടുത്തുമെന്നും ഡി.എഫ്.ഒ പറഞ്ഞു. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തി. തഹസിൽദാർ, പഞ്ചായത്ത് അധികൃതർ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ്, അഗ്നിശമന സേന അടക്കം വലിയൊരു സംഘം സ്ഥലത്തെത്തിയിരുന്നു. കാട്ടു പോത്തിനെ കാണാൻ നാട്ടുകാരും തടിച്ച് കുടിയിരുന്നു. തേക്കടിയിൽ നിന്നെത്തിയ ഡോ. അനുരാജ്, തിരുവനന്തപുരം അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ വെടിവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.