കളവ് പറഞ്ഞ് അഗ്നിരക്ഷാസേനയെ വട്ടംചുറ്റിച്ച യുവാവ് അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: മരത്തിനു മുകളിൽ താക്കോൽക്കൂട്ടം കുടുങ്ങിയെന്ന് കളവ് പറഞ്ഞ് രാത്രി അഗ്നി രക്ഷാസേനയെ വിളിച്ചുവരുത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി രതീഷിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. 11.48നാണ് ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിലെ ഫോണിലേക്ക് രതീഷിന്റെ കാൾ എത്തിയത്.
വീടിന്റെയും വാഹനത്തിന്റെയും താക്കോലുകൾ അടങ്ങുന്ന കൂട്ടം എറിഞ്ഞു കളിക്കുന്നതിനിടെ മാനവീയം വീഥിക്ക് സമീപത്തെ മരത്തിന്റെ ശിഖരത്തിൽ കുടുങ്ങിയെന്നും എടുക്കാൻ സഹായിക്കണമെന്നുമായിരുന്നു രതീഷിന്റെ അഭ്യർഥന. അഗ്നി രക്ഷാസേന എത്തുമ്പോൾ രതീഷ് മരത്തിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു.
അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ മരത്തില്‍ കയറി ശിഖരങ്ങൾ കുലുക്കിയെങ്കിലും താക്കോൽ കിട്ടിയില്ല. ഇതിനിടെ താക്കോൽ ചിലപ്പോൾ താഴെയാകും വീണതെന്ന് പറഞ്ഞ് രതീഷ് മലക്കംമറിഞ്ഞു. ഒടുവിൽ ഉദ്യോഗസ്ഥർ റോഡിൽ തെരയാൻ തുടങ്ങി. ഈ സമയം രതീഷ് മാറിനിന്ന് പൊട്ടിച്ചിരിക്കുന്നത് കണ്ടതോടെയാണ് കബളിപ്പിക്കപ്പെട്ടത് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്.
മദ്യലഹരിയിലായിരുന്ന രതീഷിനെ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് മ്യൂസിയം പൊലീസിന് കൈമാറി. അവശ്യ സർവിസായ അഗ്നി രക്ഷാസേനയുടെ പ്രവർത്തനം തടസ്സപ്പെടുത്തുംവിധം കബളിപ്പിച്ചതിന് കേരള പൊലീസ് ആക്ടിലെ 118(ബി) പ്രകാരമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.