അഭയ കേസ്: സാക്ഷിവിസ്താരം പൂർത്തിയായി
text_fieldsസിസ്റ്റർ അഭയ
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി. പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ എസ്.പി നന്ദകുമാർ നായരെയാണ് അവസാനം വിസ്തരിച്ചത്. 2019 ആഗസ്റ്റ് 26 നാണ് വിചാരണ ആരംഭിച്ചതെങ്കിലും ഒരു വർഷവും രണ്ട് മാസവും കഴിഞ്ഞാണ് പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയാകുന്നത്. കോവിഡ് കാരണം ആറുമാസത്തോളം വിചാരണ നടപടികൾ നിർത്തിെവച്ചിരുന്നു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഇതുവരെ 49 സാക്ഷികളെയാണ് വിസ്തരിച്ചത്്. ഇതിൽ 41 പേർ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ എട്ടുപേർ പ്രതികളെ അനുകൂലിച്ചു. സംഭവം നടന്ന് 16 വർഷം കഴിഞ്ഞാണ് പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അത് കഴിഞ്ഞ് 11 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. സി.ആർ.പി.സി 313 വകുപ്പ് പ്രകാരം കോടതി പ്രതികളോട് നേരിട്ട് കുറ്റകൃത്യത്തെക്കുറിച്ച് ചോദിക്കുന്നതിനായി നവംബർ 10ന് കേസ് വീണ്ടും പരിഗണിക്കും.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.