വ്യാജരേഖ ചമച്ച് ദമ്പതികളെ കബളിപ്പിച്ച് ഒമ്പത് ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ
text_fieldsതിരുവനന്തപുരം: വസ്തു വിൽക്കാനുണ്ടെന്ന് പറഞ്ഞ് വ്യാജരേഖ ചമച്ച് പൂജപ്പുരയിലെ ദമ്പതികളെ കബളിപ്പിച്ച് ഒമ്പത് ലക്ഷം തട്ടിയെടുത്ത പ്രതികൾ പിടിയിൽ.
തിരുവനന്തപുരം ജഗതി മുടിപ്പുര ലൈനില്‍നിന്ന് തൃശൂർ കൂർക്കഞ്ചേരിയിൽ സി.ഐ.ഡി.ഐ.ബി -ഫ്ലാറ്റ് 2-സിയില്‍ വാടക്ക് താമസിക്കുന്ന മുഹമ്മദ് ഷരീഫ് (55), കാഞ്ഞിരംപാറ ടി.സി.32/169 റാണി ഹൗസിൽ നീതു (28) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സി-ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2021ലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. ഉടമയായ ആറ്റിപ്ര വില്ലേജില്‍ അലത്തറ ഗ്ലോറിയ ഹൗസിൽ പൗളിന് ബർണാഡ് അറിയാതെ ഇവരുടെ വസ്തു കാണിച്ച് അത് തങ്ങളുടേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സെന്റിന് അഞ്ച് ലക്ഷം രൂപ വിലക്ക് 5.5 സെന്റ് വസ്തു വിൽക്കാമെന്ന് വ്യാജ വില്പനകരാറുണ്ടാക്കി പണം തട്ടിയെടുക്കുകയായിരുന്നു. പൂജപ്പുര സ്വദേശി വിനയകൃഷ്ണന്റെയും ഭാര്യയുടെയും പക്കൽനിന്നാണ് പണം തട്ടിയത്.
പ്രതികൾ വസ്തുവിന്റെ യഥാർഥ ഉടമകൾ അല്ലെന്നും വസ്തു വില്പന കരാര്‍ വ്യാജമാണെന്നും മനസ്സിലാക്കിയതോടെ വിനയകൃഷ്ണന്‍ പൂജപ്പുര പൊലീസിൽ പരാതിനൽകി. അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി.
തട്ടിപ്പിനുശേഷം തൃശൂരില്‍ വാടക ഫ്ലാറ്റില്‍ ഒളിവില്‍ കഴിയവേയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പിടിയിലായത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി. സ്പര്‍ജന്‍കുമാറിന്റെ നിർദേശപ്രകാരം തിരുവനന്തപുരം സിറ്റി സി-ബ്രാഞ്ച് പൊലീസ് അസിസ്റ്റന്റ് കമീഷണർ ബി. അനില്‍കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനില്‍കുമാര്‍ പി, യശോധരന് കെ.എസ്, അരുണ്‍കുമാര്‍ എസ്, എ.എസ്.ഐമാരായ സാബു, പ്രീത ആര്, സി.പി.ഒമാരായ വിനോദ് ബി, വിനോദ് എസ്, നിഷ ഒ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.