എം.എ ലത്തീഫിനെതിരായ നടപടി; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം
text_fieldsതിരുവനന്തപുരം: മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വനിതകളടക്കം നൂറുകണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ലത്തീഫിനെതിരെ അകാരണമായാണ് നടപടിയെടുത്തതെന്നും അത് പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
40 വർഷത്തോളം ജില്ലയിൽ കോൺഗ്രസിനെ നയിച്ചയാളാണ് എം.എ ലത്തീഫ്. അദ്ദേഹത്തിനെതിരെ ഒരു പരാതിയും നിലവിലില്ല. ചില ഗ്രൂപ്പ് മാനേജർമാരാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുമാസത്തേക്കാണ് കോൺഗ്രസ് ലത്തീഫിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇതിന് ഒരാഴ്ച സമയമാണ് നൽകിയിരിക്കുന്നത്. രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നൽകിയ കത്തിൽ പറയുന്നു.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാർട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻെറ തീരദേശ സന്ദർശനത്തിൻെറ ഭാഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എം.എ ലത്തീഫ് നിർദേശം നൽകിയെന്ന് കമീഷൻ കണ്ടെത്തി.
കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആഹ്വാനം നൽകി, കോൺഗ്രസ് യൂണിറ്റ് കമ്മറ്റി യോഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങി ഗുരുതര അച്ചടക്ക ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.