ബില്ലടയ്ക്കാത്തതിെൻറ പേരിൽ മൃതദേഹം തടഞ്ഞുെവച്ചാൽ ആശുപത്രിക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: കോവിഡ് ചികിത്സയിലിരിക്കെ മരിച്ചാൽ ആശുപത്രി ബില്ല് പൂർണമായി അടയ്ക്കുംവരെ മൃതദേഹം വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടർ ഡോ. നവ്ജ്യോത് ഖോസ. ഈ പ്രവണത ജില്ലയിൽ നിരോധിച്ചതായും ഇക്കാര്യം വ്യക്തമാക്കി ദുരന്ത നിവാരണ നിയമത്തിലെ 26, 30, 34 വകുപ്പുകൾ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായും കലക്ടർ അറിയിച്ചു.
ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ ഇത്തരം സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫിസർ കലക്ടർക്ക് റിപ്പോർട്ട് നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം പ്രവൃത്തികൾ മനുഷ്യത്വരഹിതമായ അനീതിയാണെന്ന് കലക്ടർ പറഞ്ഞു. സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന ഭീമമായ ബിൽ തുക പലപ്പോഴും രോഗികളുടെ ബന്ധുക്കൾക്ക് താങ്ങാവുന്നതിലുമേറെയാണ്. രോഗിയുടെ ഗുരുതരാവസ്ഥയെക്കുറിച്ചും ചികിത്സ ചെലവുകളെക്കുറിച്ചും ബന്ധുക്കളെ കൃത്യമായി ബോധ്യപ്പെടുത്തേണ്ടത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണെന്നും കലക്ടർ വ്യക്തമാക്കി. കോവിഡ് ചികിത്സക്ക് ചെലവായ നാലരലക്ഷത്തോളം രൂപ പൂർണമായി അടയ്ക്കാത്തതിെൻറ പേരിൽ മൃതദേഹം തടഞ്ഞുെവച്ച കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിക്ക് കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
കോവിഡ് ചികിത്സക്കിടെ മരിച്ച 46 കാരെൻറ മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ ബന്ധുക്കൾ 4,44,808 രൂപയുടെ ബില്ല് പൂർണമായി അടയ്ക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവർ വിട്ടുവീഴ്ചക്ക് തയാറായില്ല. മരിച്ചയാളുടെ ചികിത്സ ചെലവുകൾ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കൾക്ക് അധികൃതർ കൃത്യമായ ധാരണ നൽകിയിരുന്നില്ലെന്നും ആരോപണമുയർന്നിരുന്നു.
ഇതേത്തുടർന്നാണ് കലക്ടർ ആശുപത്രി മാനേജ്മെൻറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. രണ്ടുദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.