തിരുവനന്തപുരം വിമാനത്താവള എക്സ്പോർട്ടിങ് കാർഗോ സ്ഥലംമാറ്റാൻ അദാനി ഗ്രൂപ്പിന്റെ കർശന നിർദേശം
text_fieldsചാക്ക: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എക്സ്പോർട്ടിങ് കാർഗോ മാറ്റാൻ അദാനി ഗ്രൂപ്പിന്റെ നിർദേശം. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസിന്റെ (കെ.എസ്.ഐ.ഇ) നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കാര്‍ഗോ കോംപ്ലക്സിന്റെ പ്രവര്‍ത്തനമാണ് ഇവിടെനിന്ന് മാറ്റാൻ അദാനി ഗ്രൂപ് മുന്നറിയിപ്പ് നൽകിയത്.
കോംപ്ലക്സിൽ പ്രവേശിക്കുന്നതിന് മുമ്പ് കെ.എസ്.ഐ.ഇ പത്ത് രൂപയാണ് പ്രവേശന ഫീസ് ഇടാക്കായിരുന്നത്. എന്നാൽ, അദാനി ഗ്രൂപ് വിമാനത്തവാളം ഏറ്റെടുത്തതോടെ ഇവിടെ പാർക്കിങ് ഫീ പിരിക്കാൻ കരാർ കൊടുത്ത കമ്പനി 100 രൂപ ഈടാക്കാൻ തുടങ്ങി. ഇതോടെ കരാർ കമ്പനിയും കെ.എസ്.ഐ.ഇയും തമ്മിൽ ശക്തമായ തർക്കമുണ്ടായി. ഇത്രയും തുക പ്രവേശന ഫീസ് നൽകില്ലെന്ന് വന്നതോടെയാണ് മൂന്ന് മാസത്തിനുള്ളിൽ കാർഗോ മാറ്റണമെന്ന നിർദേശം വന്നത്. അതുവരെ പ്രവേശന ഫീസ് ഈടാക്കില്ല.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കാര്‍ഗോ എക്സ്പോട്ടിങ്ങും കൂടി വരുമെന്ന പ്രതീക്ഷക്കിടെയാണ് ഈ നീക്കം.
കാർഗോ മാറ്റേണ്ടിവന്നാൽ കെ.എസ്.ഐ.ഇയുടെ കീഴിൽ ശംഖുംമുഖത്തുള്ള കാർഗോ കോംപ്ലസിലേക്ക് മാറ്റേണ്ടിവരും. അങ്ങനെ വന്നാൽ ഇരട്ടി ദുരിതമായി മാറും.
ഇവിടെ വരുന്ന വാഹനങ്ങളിൽനിന്ന് ലോഡുകൾ കയറ്റി വിമാനത്താവളത്തിലൂടെ നാല് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാൽ മാത്രമേ വിമാനത്തിൽ ലോഡ് ചെയ്യാൻ പറ്റൂ. കാര്‍ഗോ വഴി അയക്കുന്ന ലഗേജുകൾ കൊള്ളയടിക്കപ്പെടുന്നതായി നേരത്തേതന്നെ ശംഖുംമുഖത്തുള്ള കാർഗോ കോംപ്ലസിനെതിരെ പരാതികള്‍ വ്യാപകമാണ്. വിമാനക്കമ്പനികള്‍ക്ക് പരാതികള്‍ നല്കിയാല് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും കാര്‍ഗോ കോംപ്ലക്സില്‍ അന്വേഷിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് ലഭിക്കുന്നത്.
ലഗേജുകള്‍ എടുത്താല്‍ പിന്നീട് പരാതി നല്‍കാന്‍പോലും ആരെയും ശംഖുംമുഖത്തെ കോംപ്ലക്സില്‍ കടത്തിവിടാറില്ല. ചാക്കയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കെ.എസ്.ഐ ആരംഭിച്ച കെട്ടിടത്തിന്റെ പണി ഇപ്പോഴും പാതിവഴിയിലാണ്. എക്സ്പോട്ടിങ് കാര്‍ഗോ വഴി ദിനം പ്രതി ടൺ കണക്കിന് പച്ചക്കറി, മത്സ്യം, ജനറല്‍ കാര്‍ഗോ എന്നിവ വിവിധ എയര്‍ലൈനുകള്‍ വഴി വിദേശത്തേക്ക് കയറി പോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.