പൊങ്കാല ഫെബ്രുവരി 25ന്; ആറ്റുകാല്‍ പൊങ്കാലക്ക് വിപുലമായ ക്രമീകരണം
text_fieldsതിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മന്ത്രി വി. ശിവന്‍കുട്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിയുടെ അധ്യക്ഷതയില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു. ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ആറ്റുകാല്‍ പൊങ്കാല.
പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് മന്ത്രി നിര്‍ദേശം നല്കി. തെരുവുനായ് ശല്യം പരിഹരിക്കും. മൊബൈല്‍ ടോയ്ലെറ്റുകള്, വാട്ടര്‍ടാങ്കുകള്‍ എന്നിവക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കും. അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം എല്ലാവിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു.
ക്രമസമാധാനം, ഗതാഗതനിയന്ത്രണം, ഭക്തജനങ്ങളുടെ ദര്‍ശനം എന്നിവക്കായി രണ്ട് ഘട്ട സുരക്ഷ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ ഫെബ്രുവരി 17 മുതല്‍ 23 വരെ, 600 പൊലീസുകാരെയും രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതല്‍ 26 വരെ മൂവായിരം പൊലീസുകാരെയും വിന്യസിക്കും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതല്‍, 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനം ക്ഷേത്രത്തിലുണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കല്‍ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കല്‍ ടീമും 108 ആബുലന്‍സുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും.
വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിക്കും. തട്ടുകടകള്‍ക്ക് ലൈസന്‍സും അന്നദാനം നല്‍കുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷനും നിര്‍ബന്ധമായിരിക്കും. ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വിസുകള്‍ നടത്തും.
മേയര്‍ ആര്യാ രാജേന്ദ്രന്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഗായത്രി ബാബു, ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്. ഉണ്ണികൃഷ്ണന്, ഉത്സവമേഖലകളായ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, കലക്ടര്‍ ജെറോമിക് ജോര്‍ജ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് അനില്‍ ജോസ് ജെ, സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ്, ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് വേണുഗോപാല്‍ എസ്, സെക്രട്ടറി കെ. ശരത് കുമാര്‍, പ്രസിഡന്റ് ശോഭ വി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ല തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.