എ.ഐ കാമറ തുണച്ചു; കളവുപോയ സ്കൂട്ടർ ഒന്നര വർഷത്തിനുശേഷം കണ്ടെത്തി
text_fieldsതിരുവനന്തപുരം: ഒന്നര വർഷം മുമ്പ് നഷ്ടപ്പെട്ട സ്കൂട്ടർ എ.ഐ കാമറയുടെ സഹായത്താൽ കണ്ടെത്തി. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശിയായ ഷിജുവിന്റെ സ്കൂട്ടര്‍ ഒന്നരവര്‍ഷം മുമ്പ് ചാല മാര്‍ക്കറ്റില്‍നിന്ന് ആരോ മോഷ്ടിച്ചതായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. ജൂണിൽ വാഹന ഉടമയായ ഷിജുവിന്റെ ഫോണിലേക്ക് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം വന്നു. കളവുപോയ തന്റെ വണ്ടിയിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് എ.ഐ കാമറവഴിയാണ് സന്ദേശം വന്നത്. ആദ്യം സന്ദേശം അവഗണിച്ച ഷിജുവിന് രണ്ട് തവണകൂടി സന്ദേശം വന്നതോടെ ഒരുകാര്യം മനസ്സിലായി; കാണാതെ പോയ സ്കൂട്ടര്‍ മൂന്ന് തവണയും ആര്യനാടുള്ള എ.ഐ കാമറയിലാണ് കുടുങ്ങിയതെന്ന്. ഇതോടെ നഷ്ടപ്പെട്ട സ്കൂട്ടര്‍ ആര്യനാട് ആരോ ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കി മോട്ടോര്‍ വാഹനവകുപ്പില്‍ പരാതി നല്കി.
തിരുവനന്തപുരം ആര്.ടി.ഒ അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി. വിജേഷിന്റെ നേതൃത്വത്തിലെ സംഘം അന്വേഷണം തുടങ്ങി. രണ്ട് ദിവസം ആര്യനാട് തപ്പിയതോടെ സ്കൂട്ടറും അത് അടിച്ചുമാറ്റിയ ആളെയും കൈയോടെ പിടികൂടി. അങ്ങനെ എ.ഐ കാമറ വഴി ഷിജുവിന്റെ സ്കൂട്ടര്‍ തിരികെ കിട്ടി. മോഷ്ടാവിനെ പിടിക്കാനുള്ള കാമറയുടെ നിര്‍മിത ബുദ്ധിയല്ല ഇവിടെ നിര്‍ണായകമായത്. മോഷ്ടിച്ച മുതലുമായി ഹെല്‍മറ്റ് വെക്കാതെ യാത്ര ചെയ്തതാണ് കള്ളനെ കുടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.