ബഷീർ കഥാപാത്രങ്ങൾക്ക് എ.ഐ ടച്ച്; പാഠപുസ്തകത്തിൽ പുത്തൻ പരീക്ഷണവുമായി വിദ്യാർഥികൾ
text_fieldsവിതുര: പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘ദ സ്നെയ്ക് ആൻഡ് ദ മിറർ’ പൂർണ്ണമായി എ.ഐ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങളും വീഡിയോകളുമാക്കി പരിവർത്തനം ചെയ്ത് വിതുര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ. പദ്ധതി വൻ വിജയമായ സന്തോഷത്തിലാണവർ. പഠനത്തിൽ സർഗാത്മതക്കും ഹാൻഡ്സ് ഓൻ സെഷനുകൾക്കും പ്രാമുഖ്യം നൽകുന്ന സ്റ്റം എഡ്യൂക്കേഷൻ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനത്തിനു രൂപം നൽകിയത്.
സംസ്ഥാനത്ത് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ പ്രവർത്തനം കൂടിയാണിത്. പാഠഭാഗത്തെ എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചു. അനുവാദിനി, മെറ്റ എ.ഐ, ജെമിനി, ബിങ് എ.ഐ തുടങ്ങിയ ആപ്പുകളാണ് വിദ്യാർഥികൾ ഉപയോഗപ്പെടുത്തിയത്.
ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുന്നതിന് സാങ്കേതികവിദ്യകൾ അവലംബിച്ചു കൊണ്ട് ക്ലാസ് മുറികളിലും ഐ.ടി ലാബുകളിലും പരപ്രേരണ കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു പ്രവർത്തനത്തിന്റെ ലക്ഷ്യമെന്ന് ഇംഗ്ലീഷ് അധ്യാപകൻ കെ. അൻവർ പറഞ്ഞു. വിദ്യാർഥികൾ തയാറാക്കിയ എ.ഐ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി ‘ടെക് ടെയിൽസ് ഓഫ് ബഷീർ’ എന്ന പേരിൽ പ്രദർശനവും സ്കൂളിൽ സംഘടിപ്പിക്കും. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റാണ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.