അമൃതയുടെ പരാതിയിൽ മറുപടി നൽകാൻ സമയം വേണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്
text_fieldsതിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് റദ്ദാക്കിയതിനെ തുടര്‍ന്ന് മസ്ക്കത്തിൽ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ഭർത്താവിനെ കാണാൻ പറ്റിയില്ലെന്ന അമൃതയുടെ പരാതിയിൽ പ്രതികരിച്ച് വിമാന കമ്പനി. ജീവനക്കാരുടെ സമരംകാരണം വിമാന സർവിസ് റദ്ദാക്കിയതിനെ തുടർന്നാണ് ഭർത്താവ് നമ്പി രാജേഷിനെ കാണാൻ അമൃതക്ക് സാധിക്കാതിരുന്നത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് നമ്പി രാജേഷ് മരിച്ചു.
അമൃത നൽകിയ പരാതി പരിശോധിക്കുകയാണെന്നും മറുപടി നൽകാൻ സമയം ആവശ്യമാണെന്നും എയർ ഇന്ത്യയുടെ നോഡൽ ഓഫിസർ പ്രതികരിച്ചു. കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നെന്നും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കമ്പനി അറിയിച്ചു. നമ്പി രാജേഷിന്റെ മൃതദേഹവുമായി കുടുംബം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ആവശ്യം വ്യക്തമാക്കി ഇ-മെയില്‍ അയക്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കുടുംബത്തോട് നിര്‍ദേശിച്ചിരുന്നു.
ആശുപത്രിയിലായ രാജേഷിന്റെ അരികത്തെത്താന്‍ അമൃത ടിക്കറ്റ് എടുത്തെങ്കിലും വിമാനക്കമ്പനി ജീവനക്കാരുടെ പണിമുടക്ക് മൂലം രണ്ടുദിവസവും യാത്ര മുടങ്ങിയിരുന്നു. പിന്നാലെയായിരുന്നു മരണം. അഞ്ചും മൂന്നും വയസ്സുള്ള രണ്ടുകുട്ടികളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്ന ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും എയര്‍ ഇന്ത്യക്കയച്ച മെയിലില്‍ അമൃത ആവശ്യപ്പെട്ടു.
തന്റെ സാമീപ്യവും പരിചരണവും ലഭിച്ചിരുന്നെങ്കില്‍ ഭര്‍ത്താവ് മരിക്കില്ലായിരുന്നെന്നും അമൃത പരാതിയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും വ്യോമയാന മന്ത്രാലയത്തിനുമടക്കം അമൃത പരാതി നൽകിയിരുന്നു. നമ്പി മരിച്ച് 12 ദിവസത്തിന് ശേഷമാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.