തിരുവനന്തപുരത്തുനിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ആകാശംമുട്ടി
text_fieldsശംഖുംമുഖം: വിമാനസർവിസുകളുടെ എണ്ണം കൂടിയിട്ടും ടിക്കറ്റ് നിരക്ക് കുറയാത്തതിന്‍റെ നിരാശയില്‍ യാത്രക്കാര്‍. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ് ഏറ്റെടുത്തശേഷം കൂടുതല്‍ വിദേശ സർവിസുകള്‍ ആരംഭിച്ചെങ്കിലും ടിക്കറ്റ് നിരക്കുകള്‍ വിമാനക്കമ്പനികള്‍ കുറച്ചില്ല.
ബജറ്റ് എയര്‍ലൈനായ സലാം എയര്‍ തിരുവനന്തപുരത്തുനിന്ന് സൗദിയിലെ റിയാദിലേക്ക് പറക്കാന്‍ ഈടാക്കുന്നത് 40,300 രൂപയാണ്. ഇത് ഇനിയും കൂടാനാണ് സാധ്യത.
കണക്ഷന്‍ സർവിസിനാണ് ഇത്രയും തുക നല്‍കേണ്ടിവരുന്നത്. എന്നാല്‍, കൊച്ചിയില്‍നിന്ന് റിയാദിലേക്ക് ഡയറക്ട് സർവിസിന് ഇന്‍ഡിഗോ ഈടാക്കുന്നത് 31,100 രൂപയാണ്. തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് എമിറേറ്റ്സ് 44,700, കുവൈത്ത് എയര്‍ലൈന്‍സ് 45,300, ഇന്‍ഡിഗോ 39,500 രൂപ നിരക്ക് ഈടാക്കുമ്പോള്‍ എയര്‍ഇന്ത്യ ഈടാക്കുന്നത് 60,300 രൂപയാണ്. ഗള്‍ഫ് എയര്‍ നിരക്ക് 64,100 രൂപ. എന്നാല്‍, കൊച്ചിയില്‍നിന്ന് റിയാദിലേക്ക് പറക്കാന്‍ 35,000 രൂപക്ക് താഴെ മാത്രമാണ് പല വിമാനകമ്പനികളും ഈടാക്കുന്നത്. ഇതിന് സമാനമായ രീതിയിലാണ് മറ്റ് പല രാജ്യങ്ങളിലേക്കുമുള്ള നിരക്കുകൾ.
മിക്ക വിമാനക്കമ്പനികളും ബുക്കിങ് സമയത്ത് തുടക്കത്തില്‍ ഇക്കോണമി സീറ്റുകള്‍ തീർന്നെന്ന് കാണിച്ച് ബിസിനിസ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റഴിക്കുന്ന രീതിയും വ്യാപകമാണ്. ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാൽ ഭൂരിഭാഗം യാത്രക്കാരും ഇപ്പോള്‍ ആശ്രയിക്കുന്നത് കൊച്ചിയെയും തമിഴ്നാട്ടിലെ വിമാനത്താവളങ്ങളെയുമാണ്.
ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ പ്രവണത തിരുത്തണമെന്നും തിരക്കുള്ള സീസണുകളില്‍ ഗൾഫ് സെക്ടറില്‍ സർവിസ് നടത്തുന്ന വിമാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിമാനക്കമ്പനികളുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അന്ന് യോഗത്തില്‍ പങ്കെടുത്ത സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍. ചൗബേ അമിതനിരക്ക് വര്‍ധന ഒഴിവാക്കുന്നതിന് തിരക്കുള്ള സീസണില്‍ വിദേശ വിമാനകമ്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടതല്‍ സീറ്റ് അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയം തയാറാണെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത്തരം ചര്‍ച്ചകള്‍ കടലാസിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.