പാളയത്ത് ബസ് സ്റ്റോപ് മാറ്റം; സമ്മിശ്ര പ്രതികരണം
text_fieldsതിരുവനന്തപുരം: തിരക്ക് നിയന്ത്രിക്കാൻ പാളയത്ത് പരീക്ഷണാടിസ്ഥാനത്തിൽ ബസ് സ്റ്റോപ് മാറ്റം. പാളയം ക്രിസ്ത്യൻ പള്ളിക്ക്(സെന്റ് ജോസഫ് കത്തീഡ്രൽ) എതിർവശത്ത്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ മതിലിനോട് ചേർന്നുള്ള ബസ് സ്റ്റോപ്പിൽ ഇനി നിർത്തുക പട്ടം ഭാഗത്തേക്കുള്ള ബസുകൾ മാത്രം.
വെള്ളയമ്പലം-പേരൂർക്കട, വെള്ളയമ്പലം -വട്ടിയൂർക്കാവ് വഴി പോകുന്ന ബസുകൾ തിങ്കളാഴ്ച മുതൽ ഒരു മാസത്തേക്ക് പാളയം പബ്ലിക് ലൈബ്രറിക്ക് എതിരെയുള്ള ഹോർട്ടികോർപിനു മുന്നിലെ ബസ് സ്റ്റോപ്പിലാണ് നിർത്തുക. ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന പരാതികളെ തുടർന്ന് തിരുവനന്തപുരം ചീഫ് സോണൽ ട്രാഫിക് ഓഫിസർ ജേക്കബ് സാം ലോപ്പസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാളയത്ത് വലിയതോതിലുള്ള തിരക്ക് പതിവാണ്. സ്കൂൾ, ഓഫിസ് പ്രവർത്തനം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്ത് വലിയ തിരക്കും അപകട സാധ്യതയുമുള്ള പ്രദേശമാണിത്. ഓണം തുടങ്ങിയതോടെ തിരക്ക് ഇരട്ടിയായി. രാവിലെ ആറുമുതൽ രാത്രി എട്ടുവരെയുള്ള സമയത്ത് ആകെ 624 ബസുകളാണ് വെള്ളയമ്പലം-പേരൂർക്കട, വെള്ളയമ്പലം-വട്ടിയൂർക്കാവ് ഭാഗത്തേക്ക് പോകുന്നത്. ഇതിൽ 524 ബസുകൾ കെ.എസ്.ആർ.ടി.സിയുടേതാണ്. ഇത്രയും ബസുകൾ ഒഴിയുന്നതോടെ പാളയത്തെ കുരുക്ക് അഴിയുമെന്നാണ് പ്രതീക്ഷ. രണ്ടിടത്തും ജനത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ ബോർഡ് സ്ഥാപിക്കും. ദിവസവും രാവിലെ ആറുമുതൽ രാത്രി എട്ടുവരെ യാത്രക്കാരെ സഹായിക്കാൻ പാളയം ബസ് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ, ട്രാഫിക് പൊലീസ് എന്നിവരെ നിയോഗിക്കും. പാളയത്ത് ബസ് ഷെൽറ്റർ നിർമിക്കാൻ എം.എൽ.എക്കും റോഡ് ഫണ്ട് ബോർഡ്, തിരുവനന്തപുരം കോർപറേഷൻ എന്നിവക്ക് കത്ത് നൽകാനും തീരുമാനമായി.
ഹോർട്ടികോർപ് ബസ് സ്റ്റോപ് ഒരേ സമയം നാലു ബസുകൾ പാർക്ക് ചെയ്യാൻ വലുപ്പമുള്ളതാണ്. സ്റ്റോപ് മാറ്റത്തിൽ സമ്മിശ്ര പ്രതികരണമാണ് ജനത്തിനുള്ളത്. നിലവിൽ യൂനിവേഴ്സിറ്റിയിലോ പാളയം മാർക്കറ്റിലോ വന്നുപോകുന്നവർക്ക് 200 മീറ്റർ കൂടി മുന്നോട്ട് നടന്നാലേ ഹോർട്ടി കോർപ് സ്റ്റോപ്പിലെത്താൻ കഴിയൂ. സ്റ്റാച്യൂവിലേക്കും ഏതാണ്ട് തുല്യ ദൂരമാണ്. ബസുകൾ ഒഴിഞ്ഞാൽ മൊത്തത്തിൽ റോഡ് ഗതാഗതം സുഗമമാകുമെന്ന് കരുതുന്ന കുറേപ്പേരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.