യൂനിഫോമണിഞ്ഞ് അവരെത്തി, പൂർവവിദ്യാർഥി സംഗമത്തിന്
text_fieldsതിരുവനന്തപുരം: 'ഈ വെള്ള ഷർട്ട് ഒന്ന് യൂനിഫോമിൽ നിന്ന് മാറ്റിയിരുന്നെങ്കിൽ' എന്ന് പണ്ട് പറഞ്ഞിരുന്ന പലരും ശനിയാഴ്ച തേച്ചുമിനുക്കിയ വെള്ള ഷർട്ടും കറുത്ത പാന്റും അണിഞ്ഞത് അത്യാഹ്ലാദത്തോടെയായിരുന്നു. വർഷങ്ങൾക്കുശേഷം പഠിച്ച സ്കൂളിൽ ജീവിതത്തിലെ ഏറ്റവും നല്ല കാലത്തെ ഓർമകൾ പേറുന്ന ഒത്തുചേരലിന്റെ ആഹ്ലാദത്തിൽ. തൈക്കാട് ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 'മൈ സ്കൂള്‍ മോഡല്‍ സ്കൂള്‍' എന്ന പേരില്‍ സംഘടിപ്പിച്ച പൂർവവിദ്യാർഥിസംഗമം ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു. അസംബ്ലി ഹാളിലെ പ്രാർഥനയോടെയാണ് സംഗമത്തിന് തുടക്കമായത്. 1975 ബാച്ചിലെ എല്‍.പി വിദ്യാർഥിനി ലക്ഷ്മി പ്രാർഥന ചൊല്ലിയപ്പോൾ വയ്യായ്മകൾ പോലും മറന്ന് എഴുന്നേറ്റുനിന്നവരുമുണ്ട് കൂട്ടത്തിൽ. പ്രതിജ്ഞക്ക് കൈയടിയും വിസിലടിയും അകമ്പടിയായെത്തി. 'അസംബ്ലിയില്‍ സ്ഥിരം തലകറങ്ങി വീഴുന്ന ചിലരുണ്ടായിരുന്നു. അത് ഇവിടെ വീണ്ടും ആകാം' എന്ന് പിന്നിൽ നിന്ന് ഉയർന്ന കളിയാക്കലിന് സദസ്സ് നൽകിയ മറുപടി കൂട്ടച്ചിരിയായിരുന്നു.
ജീവിതത്തിന്റെ ഒരറ്റം തേടി വിവിധ മേഖലകളിലേക്ക് തിരിഞ്ഞുപോയ പൂര്‍വവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു ചരിത്രനിമിഷം കൂടിയായി. പലരും വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയവർ. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്ത പങ്കുവെക്കലുകള്‍... കെട്ടിപ്പിടിച്ചും സെല്‍ഫിയെടുത്തും ഒരുവശത്ത് സൗഹൃദം പുതുക്കിയപ്പോൾ ചില വിരുതന്മാർ ഓടിയത് തങ്ങളുടെ പഴയ ക്ലാസ് കാണാനും ഒന്നിച്ചിരിക്കാനുമാണ്. ഉദ്ഘാടനചടങ്ങിൽ എസ്. ഗിരീശന് അനുശോചനപ്രമേയം വായിച്ചു. മുൻ എം.പി കൂടിയായ എ. സമ്പത്ത് അധ്യക്ഷത വഹിച്ചു. സി.പി പ്രകാശ് സ്വാഗതം ആശംസിച്ചു. ബാഡ്മിന്റണ്‍ ദേശീയ ചാമ്പ്യനും കോച്ചുമായ യു. വിമല്‍കുമാർ സംഗമം ഉദ്ഘാടനം ചെയ്തു.
കലയുടെ ലോകത്ത് 50 വർഷം പൂർത്തിയാക്കിയ സൂര്യ കൃഷ്ണമൂര്‍ത്തിയെ ചടങ്ങിൽ ആദരിച്ചു. ഗോപാലകൃഷ്ണന്, ഐ. ബിന്ദു, സ്കൂള്‍ പ്രിന്‍സിപ്പൽ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. പഴയ സ്കൂള്ഓര്മകളെയെല്ലാം അതേപടി സംഗമത്തില്‍ കൊണ്ടുവന്നു. പഴയകാല മിഠായികള്‍, ഉപ്പിലിട്ട നെല്ലിക്ക, കാരക്ക, കോല് ഐസ്, ചായയും വടയും അങ്ങനെ എല്ലാം ഈ ഓർമക്കൂട്ടിൽ അവർ പുനരാവിഷ്കരിച്ചു. എല്ലാ വർഷവും നവംബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് സംഗമത്തിനായി മാറ്റിെവച്ചിരിക്കുന്നത്. കളിയുംചിരിയുമൊക്കെയായി വൈകുന്നേരത്തെ ധന്യമാക്കിയ അവർ അടുത്ത കൂടിച്ചേരലിൽ കാണാമെന്ന ഉറപ്പുമായി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.