രാഷ്ട്രീയക്കാർക്ക് എന്നും തുറുപ്പുചീട്ട്
text_fieldsവന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പകര്ച്ചവ്യാധികളോടുമൊക്കെ പോരടിച്ചായിരുന്നു അവരുടെ ഇന്നലെകൾ. കാട് വെട്ടിത്തെളിച്ച് മണ്ണില്‍ വിത്തുപാകി ഒരുനാടിന്റെ പട്ടിണിമാറ്റിയ സമൂഹം. അവരുടെ മക്കളും കൊച്ചുമക്കളും പിറന്ന മണ്ണിന്റെ രേഖക്കായി കാത്തിരിപ്പ് തുടരുകയാണ്...
നിരവധി സമരങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത വാഗ്ദാനങ്ങള്‍, കമീഷനുകള്‍, പഠനങ്ങള്‍, റീസർവേകള്.. അഞ്ചുചങ്ങല പട്ടയം രാഷ്ട്രീയക്കാര്‍ക്ക് എന്നും തുറുപ്പുചീട്ടാണ്.
ഓരോ തെരഞ്ഞെടുപ്പുകള്‍ക്കും രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നത് പട്ടയവാഗ്ദാനം നല്കി പാവങ്ങളെ മോഹിപ്പിച്ചാണ്. പ്രതിപക്ഷത്ത് നില്ക്കുമ്പോള് അഞ്ചുചങ്ങല പട്ടയത്തിന്റെ പേരില്‍ സമരം ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടികളില്ല. അധികാരത്തിലെത്തുമ്പോള്‍ കര്‍ഷകരായ അഞ്ചുചങ്ങലക്കാരുടെകാര്യം ബോധപൂർവം മറക്കും.1962ല്‍ പി.ടി. ചാക്കോ മന്ത്രിയായിരുന്നപ്പോഴാണ് നെയ്യാര്‍ അഞ്ചുചങ്ങല പ്രദേശം സംരക്ഷണ പ്രദേശമായി പ്രഖ്യാപിച്ചത്.
നെയ്യാര്‍ അണക്കെട്ടിന് സംഭരണശേഷി കുറയുന്ന മണ്ണൊലിപ്പ് തടയുന്നപക്ഷം കൈവശഭൂമി കുത്തകപ്പാട്ടത്തിന് നല്‍കാനും അതിന് മുകളിലുള്ള ഭൂമിക്ക് പട്ടയം നല്‍കാനും തീരുമാനിച്ചു.
തുടര്‍ന്ന് മണിയങ്ങാടന്‍ കമീഷന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഞ്ചുചങ്ങല പ്രദേശത്തുകാര്‍ക്ക് കുത്തകപ്പാട്ടവും കുറച്ചുപേര്‍ക്ക് പട്ടയവും നല്കി. 1969ല്‍ ടി.എം. ജേക്കബ് റവന്യൂ മന്ത്രിയായിരിക്കുമ്പോള്‍ പട്ടയം നല്കാന് തീരുമാനമെടുത്തെങ്കിലും നടപ്പിലായില്ല.
കുത്തകപ്പാട്ടം നൽകി കർഷകരെ പിഴിഞ്ഞു
കുത്തകപ്പാട്ടം എന്ന പേരില്‍ നിരവധി കര്‍ഷകരില്‍നിന്ന് ഭീമമായ നികുതിയാണ് ഈടാക്കിയത്. 1977ല്‍ റവന്യൂവകുപ്പ് മന്ത്രിയായിരുന്ന ബേബിജോണ്‍ കൃഷിയിടങ്ങളെ കുത്തകപ്പാട്ടങ്ങളില്നിന്ന് ഒഴിവാക്കി. പിന്നീട് ഏക്കറിന് 50 രൂപ ക്രമത്തിലാക്കി കുത്തകപ്പാട്ടം അനുവദിച്ചു. പി.എസ്. നടരാജപിള്ള മുതല്‍ അടൂര്‍ പ്രകാശ് വരെയുള്ള റവന്യൂ മന്ത്രിമാര്‍ അമ്പൂരിയിലെ ഭൂമി കൈവശക്കാര്‍ക്ക് പതിച്ചുനല്കാന് തീരുമാനമെടുത്തിട്ടുണ്ട്. 1985ല്‍ സര്‍ക്കാറില്‍നിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് പാട്ടത്തുക 150 രൂപയാക്കി.
അതോടെ അഞ്ചുചങ്ങലക്കാര്ക്കും ഏക്കറിന് 150 രൂപയാക്കി. അപ്പോള്‍ സമീപ പഞ്ചായത്ത് പ്രദേശത്ത് സെന്റിന് 300 രൂപ വിലയ്ക്ക് വസ്തു ലഭിക്കുന്ന കാലമായിരുന്നെന്ന് ഇവിടത്തുകാര്‍ ഓർമിക്കുന്നു. ഈ തുക പത്ത് വര്‍ഷത്തിലേറെയായി കര്‍ഷകരില്‍നിന്ന് ഈടാക്കുന്നില്ല. വര്‍ഷങ്ങളായുള്ള ഇവിടത്തുകാരുടെ പട്ടയത്തിനായുള്ള പോരാട്ടത്തില്‍ വനം- ജലസേചനം- റവന്യൂ വകുപ്പുകളുടെ വടംവലികള്‍ കാരണമാണ് തീരുമാനം അനന്തമായി നീണ്ടത്.
കാര്യങ്ങള്‍ ഇപ്പോഴും കടവിനക്കരെ
വനം-റവന്യൂ വകുപ്പുകള്‍ പലകുറി അനുകൂല നിലപാടുകള്‍ സ്വീകരിച്ചെങ്കിലും ജലസേചന വകുപ്പ് ഇടങ്കോലിട്ടു. അണക്കെട്ടിന് ഉയരം കൂട്ടാനുള്ളതിനാൽ ഈ പ്രദേശം വിട്ടുകൊടുക്കാനാകില്ലെന്നായിരുന്നു ജലസേചന വകുപ്പിന്റെ ആദ്യവാദം. എന്നാല്‍, ഡാമിന് ഉയരംകൂട്ടാന്‍ കഴിയില്ലെന്ന വിദഗ്ദ റിപ്പോര്‍ട്ട് വന്നതോടെ ജലസേചന വകുപ്പ് അടവുമാറ്റി. പട്ടയം നല്‍കുന്നത് മണ്ണൊലിപ്പിന് കാരണമാകുമെന്നായിരുന്നു കണ്ടെത്തല്‍. കോണ്ടൂര് ലെയിനിന് ഒരുമീറ്റര്‍വരെ മാറിയുള്ള പ്രദേശത്ത് പട്ടയം നല്കാൻ എതിര്‍പ്പില്ലെന്ന നിലപാട് 2002 കാലത്താണ് ജലസേചന വകുപ്പ് കൈമാറിയത്. ഇതോടെ പട്ടയം അനുവദിക്കാനുള്ള തടസ്സങ്ങളെല്ലാം മാറി. എന്നിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടു.
ഒടുവില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാനകാലത്ത് പട്ടയ പ്രഖ്യാപനം നടത്തുകയും തുടർ നടപടികള്‍ക്കായി സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പൂരി , കള്ളിക്കാട്, വാഴിച്ചല്‍ എന്നീ വില്ലേജുകളില്‍പ്പെട്ട ഭൂമി സർവേ നടത്തി. 122 ഏക്കര്‍ ഭൂമി 477 പേര്‍ക്കായി പട്ടയം നല്‍കാനും തീരുമാനിച്ചു. ശേഷിക്കുന്ന 697 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാറിന്റെ പദ്ധതിക്കായി പ്രയോജനപ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള തീരുമാനം രാഷ്ട്രീയ തട്ടിപ്പാണെന്ന് പ്രചാരണവും ഉയര്‍ന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും മാറ്റമുണ്ടായില്ല.
അനധികൃത നിർമാണങ്ങൾ തകൃതി
തലസ്ഥാന ജില്ലയിലെ പ്രധാനവിനോദ സഞ്ചാരകേന്ദ്രമാണ് നെയ്യാര്‍ഡാം. നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപമാണ് അഞ്ചുചങ്ങല പ്രദേശം. അഞ്ചുചങ്ങല പ്രദേശത്ത് നിർധനരും കൂലിപ്പണിക്കാരും തങ്ങളുടെ താമസ ഭൂമിക്കുള്ള കൈവശരേഖക്കായി പോരാട്ടം തുടരുന്നതിനിടയിലും നെയ്യാര്‍ റിസര്‍വോയറിനോട് ചേര്‍ന്ന് കൂറ്റന്‍ കെട്ടിടങ്ങളുടെ നിർമാണം തകൃതിയായി പുരോഗമിക്കുന്നു. ഇത് തടയാന്‍ നടപടിയുണ്ടാകുന്നില്ല.
കോണ്ടൂര് ലെയിനിലെ താമസക്കാരെ പുരധിവസിപ്പിക്കുക, കൈവശക്കാര്‍ക്ക് ന്യായമായ നിലയില്‍ പട്ടയം നല്കുകുക, വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുക, നെയ്യാര്‍ അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടാൻ സംഭരണിയില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യുക, മണല്‍ ക്ഷാമം പരിഹരിക്കാന്‍ പദ്ധതി തയാറാക്കുക തുടങ്ങിവ ഉൾപ്പെടെ പ്രദേശത്തേക്ക് ഒരുപാക്കേജ് വേണമെന്ന ആവശ്യം ശക്തമാണ്. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.