അമീബിക് മസ്തിഷ്ക ജ്വരം; രണ്ടു പേർകൂടി നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായെത്തിയ രണ്ടുപേരെ കൂടി നിരീക്ഷണത്തിലാക്കി. നെല്ലിമൂട് സ്വദേശികളാണ് ഇരുവരും. ചികിത്സയിലുള്ള യുവാക്കൾക്കൊപ്പം കുളത്തിൽ കുളിച്ചവരാണ് ഇവരും. നിലവിൽ മെഡിക്കൽ കോളജ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് അഞ്ചു പേരാണ്.
ഇതിൽ ഒരാൾ പേരൂർക്കട സ്വദേശിയും നാലുപേർ നെയ്യാറ്റിൻകര സ്വദേശികളുമാണ്. നിരീക്ഷണത്തിലുള്ളവർ കൂടി ഉൾപ്പെടുന്നതോടെ ആശുപത്രിയിലുള്ളവരുടെ എണ്ണം ഏഴായി. പ്രത്യേക ഐ.സി.യു സജ്ജമാക്കിയാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം, ചികിത്സയിലുള്ള പേരൂർക്കട സ്വദേശിയുടെ നില ഗുരുതമായി തുടരുന്നു. നെയ്യാറ്റിൻകര സ്വദേശികളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
ജൂലൈ 23ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച അതിയന്നൂർ മരുതംകോട് കണ്ണറവിള അനുലാൽ ഭവനിൽ പ്രഭാകരൻ-സുനിത ദമ്പതികളുടെ മകൻ അഖിലിനൊപ്പം മരുതംകോട് കാവിൽകുളത്തിൽ കുളിച്ചവരാണ് പേരൂർക്കട സ്വദേശി ഒഴികെ മറ്റെല്ലാവരും. പേരൂർക്കട സ്വദേശിയെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചതിനാൽ വിവരങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ല.
കഠിനമായ പനിയും തലവേദനയുമായി ഗുരുതര നിലയിൽ കഴിഞ്ഞമാസം 21നാണ് അഖിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗനിർണയം പുരോഗമിക്കുന്നതിനിടെ 23ന് മരിച്ചു. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർ സ്രവം ശേഖരിക്കുകയും ഇതോടൊപ്പം ചികിത്സ ആരംഭിക്കുകയുമായിരുന്നു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ജർമനിയിൽ നിന്നെത്തിച്ച മിൽറ്റിഫോസിൻ ചികിത്സയിലുള്ളവർക്ക് നൽകി തുടങ്ങി. ലക്ഷണങ്ങൾ പ്രകടമാകുന്നഘട്ടത്തിൽ തന്നെ ഇത് നൽകുന്നവരിൽ പുരോഗതിയുണ്ട്. അമീബിക് മസ്തിഷ്കജ്വരം ചികിത്സിക്കാൻ 2013 മുതൽ ശുപാർശ ചെയ്യുന്ന മരുന്നാണിത്.
നിരീക്ഷണവും പ്രതിരോധവും കർശനം
തിരുവനന്തപുരം: ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധവും കർശനമാക്കി ആരോഗ്യവകുപ്പ്. പേരൂർക്കട സ്വദേശിക്കാണ് ഓടുവിൽ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് യുവാക്കളിൽ രോഗം കണ്ടെത്തുന്നത്. മാത്രമല്ല ഒരു പ്രദേശത്ത് ഇത്രയുംപേർക്ക് രോഗം സ്ഥിരീകരിക്കുന്നതും ആദ്യമാണ്.
സംവിധാനത്തിന്റെ പരിമിതികളും ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമടക്കം നിരവധി കാര്യങ്ങൾ രോഗപ്പകർച്ചക്ക് കാരണമായി വിലയിരുത്തുണ്ട്. രോഗകാരികളായ അമീബ വെള്ളത്തിൽ വർധിക്കുന്നതിനുള്ള പ്രധാന കാരണം ഉപരിതലത്തിലെ വെള്ളം ചൂട് പിടിക്കുന്നതാണെന്ന് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷനൽ പ്രഫസർ ഡോ. ടി.എസ്. അനീഷ് വ്യക്തമാക്കുന്നു. ‘കുളങ്ങളിലെയും ജലാശങ്ങളിലെയും പുഴകളിലേയുമെല്ലാം ജലത്തിൽ ചൂട് കൂടുമ്പോൾ മറ്റ് അണുജീവികൾ നശിക്കും. അമീബ വിഭാഗം ചൂടിനെ അനുകൂലമായി കാണുന്നവയാണ്. അതിനാൽ അമീബകൾക്കാകട്ടെ അതിജീവനത്തിന് മറ്റ് വെല്ലുവിളിയുണ്ടാകില്ല. മാത്രമല്ല, വെള്ളത്തിൽ ഇവയുടെ എണ്ണം കൂടുകയും ചെയ്യും. ഇത് രോഗം പടരാൻ ഇടയാക്കും’ -അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തടാകങ്ങൾ, നീരുറവകൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങിയ ചൂടുള്ള ജലത്തിലാണ് അമീബ സാധാരണയായി കാണപ്പെടുന്നത്. നദികൾ, അരുവികൾ, ക്ലോറിനേറ്റ് ചെയ്യാത്ത നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിലും ഇവയെ കാണാം. നീന്തൽ, ഡൈവിങ്, കെട്ടികിടക്കുന്ന കുളത്തിലെയും മറ്റുമുള്ള കുളി എന്നിവ മൂലം രോഗബാധയുണ്ടാകാം. കെട്ടിക്കിടക്കുന്ന ഒഴുകുന്നതോ ആയ ജലസ്രോതസ്സുകളുമായി ബന്ധമുള്ള ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. അമീബ മൂക്കിൽ പ്രവേശിച്ച് കഴിഞ്ഞാൽ, തലച്ചോറിലേക്ക് സഞ്ചരിക്കുകയും മസ്തിഷ്ക കോശങ്ങൾക്ക് വീക്കം ഉണ്ടാക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യും.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഈ രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായി ആശയവിനിമയം നടത്തിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ചികിത്സക്കായുള്ള ജീവൻ രക്ഷാമരുന്ന് ‘മിൽറ്റെഫോസിൻ’ ജൂലൈ അവസാനം ജര്‍മനിയില്‍നിന്ന് കേരളത്തിലെത്തിച്ചിരുന്നു. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ഡോസുകളാണ് ആദ്യബാച്ചിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.