അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രതയും നിരീക്ഷണവും
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കർശനമാക്കി. അതേ സമയം രോഗബാധിതനായി വിദ്യാർഥിയുടെ നില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദ്യാർഥി കുളിച്ചുവെന്ന പറയപ്പെടുന്ന കുളത്തിൽ നിന്ന് ആരോഗ്യവകുപ്പ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മേഖലയിൽ നിരീക്ഷണത്തിനും നിർദേശമുണ്ട്. ജില്ലയിൽ മൂന്ന് പേർ നിരീക്ഷണത്തിലുണ്ട്.
ചെറിയ ലക്ഷണങ്ങളല്ലാതെ രോഗബാധ സംശയവും ഇവർക്കില്ല. സമീപകാലത്ത് രോഗം കണ്ടെത്തിയവരിൽ ഭൂരിഭാഗം പേരെയും ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞത് ജില്ലയിലെ ആരോഗ്യവിഭാഗങ്ങൾക്ക് ആത്മവിശ്വാസമേകുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം വാർഡും ഐ.സി.യുവുമടക്കം സജ്ജമാക്കിയാണ് ചികിത്സ ക്രമീകരണങ്ങൾ.
97 ശതമാനത്തിലധികം മരണനിരക്ക്
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
മൂന്ന് മാസത്തിനിടെ രോഗികളായത് 20 പേർ
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 12 ഉം ജില്ലയിലാണ്. 10 പേർക്ക് രോഗമുക്തിയുണ്ടായത് മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാനായത് കൊണ്ടാണ്. ഒരാളെ രക്ഷിക്കാനായില്ല. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് സ്വദേശി അഖിലാണ് (27) തലസ്ഥാനത്ത് ആദ്യരോഗി.
പ്രാഥമിക ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവയുണ്ടാകുന്നു.
കുഞ്ഞുങ്ങളിൽ
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളി ഒഴിവാക്കണം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.