ഒഴിഞ്ഞയിടത്ത് പ്ലാസ്റ്റിക് മാലിന്യമെത്തിച്ച് അജ്ഞാത സംഘം തീകൊളുത്തുന്നു
text_fieldsമെഡിക്കൽ കോളജ്: രാത്രിയുടെ മറവിൽ സ്വകാര്യ വ്യക്തികളുടെ ഒഴിഞ്ഞ പുരയിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കൊണ്ടിട്ട് അജ്ഞാത സംഘം തീകൊളുത്തുന്നത് പതിവാകുന്നു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളി, ശനി ദിവസങ്ങളിലായി കണ്ണമ്മൂല, കുമാരപുരം-പൂന്തിറോഡ് എന്നിവിടങ്ങളിലായി ഇത്തരത്തിൽ തീപടർന്നുപിടിച്ചതിനെ തുടർന്ന് സമീപവാസികൾ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
റോഡിൽ പലയിടത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ മറവിൽ ടിപ്പർ ലോറികളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കരിക്കിന്റെ തൊണ്ടും ഉൾപ്പെടെ നിറച്ചാണ് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത്. തുടർന്ന്, രാത്രിയിൽ കരിഓയിൽ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഇവർ രക്ഷപ്പെടുകയാണ് പതിവ്. വെള്ളിയാഴ്ച രാത്രി കണ്ണമ്മൂല അയ്യങ്കാളി നഗറിലായിരുന്നു തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീകെടുത്തിയത്.
ശനിയാഴ്ച രാത്രിയിൽ കുമാരപുരം പൂന്തി റോഡിൽ കിംസ് ആശുപത്രിക്കു സമീപമാണ് ഇത്തരത്തിൽ തീപിടിത്തമുണ്ടായത്. 50 ഓളം ലോഡ് മാലിന്യമാണ് ഇത്തരത്തിൽ നിക്ഷേപിച്ച് തീ കൊളുത്തിയത്. ഇവിടെ തീയിട്ട ശേഷം രക്ഷപ്പെട്ടവർ യാത്ര ചെയ്ത വാഹനത്തിന്റെ നമ്പർ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസിനു ലഭിച്ചതായി സൂചനയുണ്ട്. പ്രത്യേകം മാഫിയ സംഘങ്ങളും രംഗത്തിറങ്ങിയതായി അധികൃതർ പറയുന്നു. ഇത്തരം സംഘങ്ങളെ വലയിലാക്കാൻ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.