അനന്തപുരി എഫ്.എം പൂട്ടിയപ്പോഴുള്ള വാക്കും പാലിച്ചില്ല; ജനപ്രിയ പരിപാടികൾ ആരും കേൾക്കാത്ത സമയങ്ങളിൽ
text_fieldsതിരുവനന്തപുരം: അനന്തപുരി എഫ്.എമ്മിന് താഴിട്ട ഘട്ടത്തിൽ ജനപ്രിയ പ്രോഗ്രാമുകൾ ആകാശവാണിയിൽ ഉൾപ്പെടുത്തുമെന്ന അധികൃതരുടെ ഉറപ്പ് നടപ്പായില്ല. ഡൽഹി പരിപാടികളുടെ തത്സമയ പ്രക്ഷേപണവും ഇംഗ്ലീഷ്, ഹിന്ദി പ്രോഗ്രാമുകളുമാണ് പ്രധാന സമയങ്ങളിലെല്ലാം. ഏതാനും പ്രോഗ്രാമുകൾ പേരിന് ഉൾക്കൊള്ളിച്ചെങ്കിലും ആരും കേൾക്കാത്ത സമയത്താണ് ഇവയുടെ പ്രക്ഷേപണം.
പ്രേക്ഷകരുടെ സമയത്തിനനുസരിച്ചായിരുന്നു അനന്തപുരി എഫ്.എമ്മിൽ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നത്. സമയം നോക്കി കൃത്യമായി പരിപാടികൾ കേട്ടിരുന്നവരുമുണ്ടായിരുന്നു. എന്നാൽ, ആകാശവാണിയിലേക്ക് മാറിയതോടെ ഈ സമയക്രമം താളംതെറ്റി. ആളുകൾ കേൾക്കാൻ താൽപര്യപ്പെടുന്ന സമയങ്ങളിൽ ഹിന്ദി പരിപാടികളോ ഡൽഹി റിലേയോ ആയിരിക്കും.
ഇതോടെ, സ്ഥിരം എഫ്.എം ശ്രോതാക്കൾ സ്വകാര്യ എഫ്.എമ്മുകളിലേക്ക് മാറുകയാണ്. പ്രതിവർഷം ഒന്നരക്കോടിയിലേറെ രൂപ പരസ്യവരുമാനം ലഭിച്ചിരുന്ന സ്റ്റേഷനാണ് ഈ സ്ഥിതി. ഫലത്തിൽ അനന്തപുരി എഫ്.എം അവസാനിപ്പിച്ചപ്പോൾ ഉയർന്ന പ്രതിഷേധം മറികടക്കാനുള്ള കൺകെട്ടല്ലാതെ എഫ്.എമ്മിലെ ജനപ്രിയ പരിപാടികൾക്ക് ഒരു പരിഗണനയും ആകാശവാണിയിൽ കിട്ടിയില്ല. നിലയം പൂട്ടിയതിനെതിരെ മന്ത്രിമാരും എം.പിമാരുമടക്കം കേന്ദ്രത്തെ സമീപിച്ചെങ്കിലും പ്രതികരണവുമുണ്ടായിട്ടില്ല.
പ്രധാന ചാനലായ ആകാശവാണി മീഡിയം വേവിലാണ് പ്രക്ഷേപണം ചെയ്യുന്നത്. മീഡിയം വേവ് സാങ്കേതികത കാലഹരണപ്പെട്ടെന്നും ഇത്തരം റേഡിയോ സെറ്റുകൾ കുറഞ്ഞെന്നുമുള്ള കാരണമുന്നയിച്ചാണ് എഫ്.എമ്മുകളെ കേന്ദ്രം വെട്ടിനിരത്തിയത്. എഫ്.എം വഴി ആകാശവാണി പരിപാടികൾ പ്രക്ഷേപണം ചെയ്യുകയാണിപ്പോൾ. പ്രധാന പ്രക്ഷേപണമായ ആകാശവാണിക്കൊപ്പം എഫ്.എമ്മുകൾ ഉണ്ടായിരുന്ന എല്ലാ നിലയങ്ങളിലും ഈ നിലയിലാണ് ഇടപെടൽ. കോഴിക്കോട് എഫ്.എം നിലയത്തിനും ഇതേ മാതൃകയിൽ പൂട്ട് വീണിരുന്നു.
ഒരു ട്രാൻസ്മിറ്റർ കൂടി സ്ഥാപിച്ചാൽ അനന്തപുരി എഫ്.എം അവസാനിപ്പിക്കുന്നത് ഒഴിവാക്കാമായിരുന്നെന്നാണ് അഭിപ്രായം. 50 ലക്ഷം മുതൽ ഒരു കോടി വരെയാണ് ഇതിന് ചെലവ്. അങ്ങനെയെങ്കിൽ ഒരു ട്രാൻസ്മിറ്ററിൽ കൂടി ആകാശവാണിയും രണ്ടാമത്തേത് വഴി അനന്തപുരിയും പ്രക്ഷേപണം ചെയ്യാൻ കഴിയുമായിരുന്നു. യുവാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള എഫ്.എമ്മുകൾ ആർത്തിരമ്പിയ കാലത്തും ആകാശവാണിക്ക് പിടിച്ചുനിൽക്കാനായത് അനന്തപുരി എഫ്.എമ്മിന്റെ ജനപ്രിയതയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.