അടിസ്ഥാന സൗകര്യങ്ങളില്ലാതെ അംഗൻവാടികൾ
text_fieldsഅമ്പലത്തറ: പ്രവേശനോത്സവം ആഘോഷമാക്കി അംഗൻവാടികൾ കുരുന്നുകളെ സ്വീകരിച്ചെങ്കിലും ഭൂരിപക്ഷം അംഗൻവാടി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്നു. ജില്ലയിലെ മിക്ക അംഗന്‍വാടികളുടെയും പ്രവര്‍ത്തനം ഒറ്റമുറി കെട്ടിടങ്ങളിലാണ്. ഈ മുറികളിലാണ് കുട്ടികളുടെ പഠനവും ആഹാരം പാകം ചെയ്യലും ഉറക്കവുമൊക്കെ. മിക്ക അംഗന്‍വാടികളിലും ശുചിമുറി സൗകര്യമില്ല. ഇതുകാരണം തുറസ്സായ സ്ഥലങ്ങളിലാണ് കുട്ടികള്‍ക്ക് മലമൂത്ര വിസര്‍ജനം നടത്തേണ്ടിവരുന്നത്.
അംഗൻവാടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്മാര് എല്ലാ വര്‍ഷവും മാര്‍ച്ച് അവസാനം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അംഗൻവാടി പ്രവര്‍ത്തകര്‍, എൻജിനീയര്‍/ഓവര്‍സീയര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തുകയും വ്യക്തമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയും വേണമെന്നാണ് നിര്‍ദേശം.
കോവിഡ് വ്യാപനത്തോടെ അംഗൻവാടികൾ അടഞ്ഞതോടെ ഈ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറന്നു. ഇത്തവണ പലയിടത്തും ഇത്തരം യോഗങ്ങള്‍ പേരിനുപോലും നടക്കാതെയാണ് പ്രവേശനോത്സവം നടത്തിയത്. പുറമേ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, വേണ്ടത്ര സുരക്ഷയും അടിസ്ഥാന സൗകര്യവുമില്ലാത്ത കെട്ടിടങ്ങളിലാണ് പല അംഗൻവാടികളുടെയും പ്രവർത്തനം. കാലപ്പഴക്കം ചെന്ന് അപകടകരമായ അവസ്ഥയിലുള്ള കെട്ടിടങ്ങളില്‍വരെ അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നെന്ന് ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
കെട്ടിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ രക്ഷാകര്ത്താക്കള് പ്രാദേശികതലത്തിലുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗൻവാടികളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ചുമതല കെട്ടിട ഉടമക്കാണ്.
എന്നാല്‍, കെട്ടിട ഉടമകള്‍ വാടക കൃത്യമായി കൈപ്പറ്റിയതല്ലാതെ പലയിടത്തും പേരിനുപോലും അറ്റകുറ്റപ്പണി ചെയ്യാന്‍ തയാറായിട്ടില്ലെന്ന് രക്ഷാകര്ത്താക്കള് ആരോപിക്കുന്നു. അംഗൻവാടികൾ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങളുടെ പുറത്തായി ചുറ്റുമതില്‍ ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍, തീരദേശമേഖലയില്‍ പല കെട്ടിടങ്ങളും റോഡിനോട് ചേര്‍ന്നുള്ള കടമുറികളിലാണ് പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.