ഹനുമാൻ കുരങ്ങിന്റെ ‘റൂട്ട് മാപ്പ്’ നിരീക്ഷിച്ച് അനിമൽ കീപ്പർമാർ
text_fieldsതിരുവനന്തപുരം: ഹനുമാൻ കുരങ്ങിന്റെ ‘റൂട്ട് മാപ്പ്’ നിരീക്ഷിച്ച് മഴയത്തും ഇരുട്ടിലും കാവൽ നിൽക്കുകയാണ് തിരുവനന്തപുരം മൃഗശാലയിലെ അനിമൽ കീപ്പർമാരായ ഉദയലാലും അജിതനും സുജി ജോർജും. 13 ദിവസമായി നഗരവഴികളിലാണ് ഇവരുടെ ഡ്യൂട്ടി. തിരുപ്പതി സുവോളജി പാർക്കിൽനിന്ന് എത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളിൽ ചാടിപ്പോയ പെൺ കുരങ്ങിന്റെ ‘റൂട്ട് മാപ്പ്’ നിരീക്ഷിക്കലാണ് പണി.
ചിണുങ്ങി മഴ പെയ്യുമ്പോഴും പാളയം സെൻട്രൽ ലൈബ്രറി വളപ്പിലെ ആൽമരക്കൊമ്പുകളിൽ ചാടിയും മറിഞ്ഞും നടക്കുകയാണ് കുരങ്ങ്. വെള്ളിയാഴ്ചയാണ് സെൻട്രൽ ലൈബ്രറി വളപ്പിലെത്തിയത്. നേരത്തെ മൃഗശാല പരിസരത്തെ മരങ്ങളിലും കനക നഗർ, നളന്ദ, കന്റോൺമെന്റ് ഹൗസ്, മാസ്കറ്റ് ഹോട്ടൽ എന്നിവിടങ്ങളിലെ മരങ്ങളിലും തമ്പുറപ്പിച്ചു. ഇണയെ കാണിച്ചും ഫല വർഗങ്ങൾ ഇട്ടുകൊടുത്തും ആകർഷിക്കാനുള്ള നീക്കങ്ങളൊക്കെ വിഫലമായി.
ലൈബ്രറി വളപ്പിൽനിന്ന് മറ്റിടങ്ങളിലേക്ക് പോകരുതെന്ന കരുതലിൽ മൃഗശാല അധികൃതർ ആൽമരത്തിൽ ഏത്തപ്പഴവും ഇഷ്ട ഭക്ഷണങ്ങളും ഒരുക്കി വെച്ചിട്ടുണ്ട്. ഇടക്കിടെ അതെല്ലാം വന്ന് കഴിക്കും. ഞായാറാഴ്ച വൈകീട്ട്, പിടിയിലാകുമെന്ന തോന്നലുണ്ടാക്കി ആൽമരത്തിൽനിന്ന് ബദാം മരത്തിലേക്ക് ഇറങ്ങിവന്നു. മരത്തിനുതാഴെ മഴ നനഞ്ഞുതന്നെ അനിമൽ കീപ്പർ ഉദയലാൽ നിലയുറപ്പിച്ചു.
എന്നാൽ, ചുറ്റുംകൂടിയ ആളുകളെ കണ്ടതുകൊണ്ടാകണം തിരിച്ചുകയറിപ്പോയി. അടുത്തുള്ള ആർട്സ് കോളജിൽ ഞാവൽ പഴുത്തുകിടക്കുന്നു. ആ ദിശയിലേക്കു നീങ്ങിയാൽ കുരങ്ങ് പാളയം മാർക്കറ്റിൽ എത്തിയേക്കുമെന്ന് ആശങ്കയുണ്ട്. നിറയെ കഴിക്കാൻ കിട്ടുന്ന ഇടമെന്ന നിലയിൽ, തിരക്കേറിയ മാർക്കറ്റിൽ കുരങ്ങ് ആക്രമണകാരിയാകാൻ സാധ്യതയേറെയാണ്.
മഴ ശക്തമായാൽ കുരങ്ങിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്. കൂട്ടിൽ തന്നെ ജനിച്ചുവളർന്ന കുരങ്ങിന് കാലാവസ്ഥ മാറ്റം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. എങ്കിലും, മയക്കുവെടി നൽകി പിടികൂടേണ്ടതില്ലെന്നാണ് തീരുമാനം. മയക്കുവെടി കിട്ടിയ കുരങ്ങ് മരത്തിനു മുകളിലേക്ക് കയറുകയും താഴെ വീഴുകയും ചെയ്താൽ ജീവൻ നഷ്ടപ്പെടുമെന്നാണ് ആശങ്ക. ഇണങ്ങുന്ന അവസ്ഥയിലെത്തുമ്പോൾ ട്രാപ് ഇടാനാണ് ആലോചന.
കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരം വെള്ളനാട് വെള്ളം നിറഞ്ഞുകിടക്കുന്ന കിണറിൽ വീണ കരടിയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ശ്രമത്തിൽ ജീവൻ നഷ്ടമായത് ഏറെ വിവാദമായിരുന്നു. അതിനാൽ വനം വകുപ്പ് വളരെ കരുതലോടെയാണ് നീങ്ങുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.