ഈച്ചയും ക്ഷുദ്രജീവികളും പെരുകി; രോഗങ്ങൾ പിടിപെട്ട് മൃഗശാലയിൽ മൃഗങ്ങൾ ചാകുന്നു
text_fieldsതിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളും സംരക്ഷണത്തിലെ വീഴ്ചകളും കാരണം മൃഗശാലയിൽ കൂട്ടത്തോടെ മൃഗങ്ങൾ ചാകുന്നു. എന്നാൽ പ്രതിവിധി നിർദേശിക്കാൻ ഉത്തരവാദപ്പെട്ടവർ മൗനത്തിൽ.ഒരുവശത്ത് മ്ലാവും മാനുകളും പെറ്റുപെരുകുമ്പോഴാണ് അപൂർവ ഇനത്തിൽപെട്ട പല മൃഗങ്ങളും ചാകുന്നത്. നിരവധി കൂടുകൾ ഒഴിഞ്ഞ അവസ്ഥയിലാണ്. മൃഗശാലയിൽ കാണികൾക്ക് കൗതുകമാകേണ്ട മൃഗങ്ങളുടെ കൂടുകൾ പലതും ഒഴിയുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
പുതിയ 14 കടുവകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടെണ്ണമായി. കുട്ടികൾക്ക് ഏറെ ആകർഷകമായിരുന്ന സീബ്ര, ജിറാഫ് എന്നിവ മൃഗശാലയിൽനിന്ന് ഇല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇഗ്വാനക്ക് പുറമെ കഴിഞ്ഞദിവസങ്ങളിൽ കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളും ചത്തു.
കഴിഞ്ഞവർഷം 166 പുള്ളിമാനുകളും 54 കൃഷ്ണമൃഗങ്ങളുമാണ് ചത്തത്. ഏഴ് അനാക്കോണ്ടകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടെണ്ണം മാത്രമായി. അതിൽ ഒരെണ്ണം ഉദരസംബന്ധമായ രോഗത്തെ തുടർന്ന് അവശനിലയിലാണ്.കൂടുതൽ മൃഗങ്ങൾ ഒന്നിച്ച് ചാകാൻ തുടങ്ങിയതോടെ സാമ്പിളുകൾ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിൽ (സിയാദ്) പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഇവിടത്തെ ഡോക്ടർമാർ പോസ്റ്റ്‌മോർട്ടം നടത്തുകയും ആന്തരിക അവയവങ്ങൾ പരിശോധിച്ച് റ്റ്യൂബർകുലോസിസ് (ക്ഷയം) ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ വിദഗ്ധപരിശോധനക്കായി സിയാദിലെ ഡോക്ടർമാർ ഉൾപ്പെടെ സംഘം ശനിയാഴ്ച മൃഗശാല സന്ദർശിച്ച് മഗങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. വൃത്തിഹീനമായ സാഹചര്യങ്ങൾ കാരണം രോഗംപരത്തുന്ന ഈച്ചകളുടെ ശല്യവും മൃഗശാലയിൽ വ്യാപകമെന്നും പരാതിയുണ്ട്.
അടുത്തിടെ സൺകോണൂർ വിഭാഗത്തിൽപെട്ട പക്ഷികളെ കാണാതായതും വിവാദമായിരുന്നു. ആദ്യം അടയിരിക്കുന്നു എന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും എലിപിടിച്ചു എന്ന സ്ഥിരീകരണമാണ് ഒടുവിൽ നൽകിയത്. എലിയും പാറ്റയും ഈച്ചയും മറ്റ് ക്ഷുദ്രജീവികളും കാരണം മൃഗങ്ങളുടെ സുരക്ഷതന്നെ അപകടത്തിലെന്ന പരാതികളും ഉയർന്നിട്ടുണ്ട്.
മുടിയും ജഡയുമില്ലാതെ വയസ്സായി കഴിയുന്ന ഒരു പെൺസിംഹമുണ്ട്. എന്നാൽ കാണികൾക്ക് കാണാൻ കൗതുകം ആൺ സിംഹമാണ്. അതിവിടെ ഇല്ല. പുള്ളിപുലി, ഹിപ്പോ, കാട്ടുപോത്ത്, വൈറ്റ് ടൈഗർ എന്നിവ പേരിനുണ്ട്. വയസ്സായ ഒരു കാണ്ടാമൃഗമുണ്ട്. ഉള്ള പുലികളെ വന്ധ്യംകരണം നടത്തിയതിനാൽ താമസിയാതെ അതും ഇല്ലാതാകും.വൈറ്റ് ടൈഗർ ഉള്ളതിൽ ഒരെണ്ണത്തിന് വാലില്ല. വർഷങ്ങൾക്ക് മുമ്പുള്ള കുരങ്ങന്മാരാണ് ഇപ്പോഴും ഉള്ളത്. മിക്കതും വയസ്സായി. സിംഹവാലൻ കുരങ്ങ്, ബംഗാൾ കുരങ്ങ് എന്നിവയും പ്രായംചെന്നവയാണ്. ഹനുമാൻ കുരങ്ങിന്‍റെ കൂടൊഞ്ഞിട്ട് വർഷങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.