അഞ്ജലിക്ക് ജീവൻ പകുത്ത് നൽകാൻ മാതാവ് തയാർ; പക്ഷേ...
text_fieldsതിരുവനന്തപുരം: അഞ്ജലിക്ക് ജീവൻ പകുത്ത് നൽകാൻ മാതാവ് തയാറാണ്, പക്ഷേ ശസ്ത്രക്രിയക്കുള്ള ഭാരിച്ച ചെലവ് കുടുംബത്തെ നിസ്സഹായമാക്കുന്നു. പത്തനംതിട്ട ഇലവുംതിട്ട മുല്ലയ്ക്കൽ വീട്ടിൽ സോമന്‍റെയും അനിതയുടെയും മകളും ബി.ബി.എ വിദ്യാർഥിയുമായ അഞ്ജലിക്ക് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വൃക്കരോഗം പിടിപെട്ടത്.
ഏഴു വർഷം മുമ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തി. അങ്ങനെ ആശ്വാസവും സന്തോഷവും പതിയെ തിരികെയെത്തുന്നതിനിടെയാണ് 2019 മാർച്ചിൽ വീണ്ടും വൃക്ക തകരാറിലായത്. ഇതോടെ കുടുംബം വീണ്ടും പ്രതിസന്ധിയിലായി. രണ്ടു വർഷമായി കോഴഞ്ചേരിയിൽ ഡയാലിസിസ് നടത്തുകയാണ് അഞ്ജലി. വൃക്ക മാറ്റിവെക്കാൻ വഴി തേടിയെങ്കിലും നടന്നില്ല.
മാതാവ് വൃക്ക നൽകാൻ തയാറാണെങ്കിലും ഗ്രൂപ് വ്യത്യാസമാണെന്നത് ആദ്യം പ്രതിസന്ധിയായി. എന്നാൽ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇത്തരം ശസ്ത്രക്രിയ നടക്കുമെന്നതിനാൽ ഇങ്ങോട്ടേക്കെത്തുകയായിരുന്നു. 15 ലക്ഷം രൂപയോളം ചികിത്സക്കും അനുബന്ധ ചെലവുകൾക്കുമായി വേണം. തുടർ ചികിത്സകൾക്കായി ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുകയും വേണം.
ഉപജീവനമായി ആകെ ഉണ്ടായിരുന്ന വ്യാപാര സ്ഥാപനവും വീടുമെല്ലാം വിറ്റാണ് ഇതുവരെ ചികിത്സച്ചെലവുകൾ സോമൻ നിർവഹിച്ചത്. ഭാരിച്ച കടവും ഉണ്ട്. പത്തനംതിട്ട ഇലന്തൂരിൽ വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് ചികിത്സച്ചെലവിന് മറ്റു വഴികളൊന്നുമില്ല. സുമനസ്സുകളുടെ കനിവിലാണ് ഇനി പ്രതീക്ഷ. ഇലവുംതിട്ട എസ്.ബി.ഐ ശാഖയിൽ സോമന്‍റെയും ഭാര്യ അനിത സോമൻറയും പേരിൽ ജോയന്‍റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 57010504312, ഐ.എഫ്.എസ്.സി: SBIN0070243
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.