തലസ്ഥാന നഗരിയിൽ വീണ്ടും സ്ത്രീക്കുനേരെ ആക്രമണം
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരിയിൽ മ്യൂസിയത്തിന് സമീപം വീണ്ടും സ്ത്രീക്കുനേരെ അതിക്രമം. കഴിഞ്ഞദിവസം രാത്രി 11.30ഓടെ കനകനഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം സ്ത്രീയെ ആക്രമിച്ചത്. കനകക്കുന്നിൽ നടക്കുന്ന സാഹിത്യ ഫെസ്റ്റിൽ പങ്കെടുത്തശേഷം താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന തൃശൂർ സ്വദേശിനിയായ കോളജ് അധ്യാപികക്കുനേരെയായിരുന്നു അതിക്രമം.
പിന്നാലെയെത്തിയാണ് ആക്രമിച്ചത്. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായില്ല. മാല മോഷ്ടിക്കാനുള്ള ശ്രമമാകാമെന്നാണ് പൊലീസ് ഭാഷ്യം.
തലസ്ഥാനനഗരത്തിൽ പ്രത്യേകിച്ച് മ്യൂസിയം സ്റ്റേഷൻ പരിധിയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ അടുത്തിടെയുണ്ടായി. പലരും പരാതിപ്പെടുന്നില്ലെന്നും വിവരമുണ്ട്. മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരം സംഭവങ്ങളിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു. സി.സി.ടി.വി കാമറകൾ കുറവാണെങ്കിൽ അതും പരിഹരിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബറിലും ഇവിടെ സമാനമായ സംഭവം നടന്നിരുന്നു. മ്യൂസിയത്തിന് സമീപത്തെ റോഡിൽ നടക്കാനിറങ്ങിയ വനിത ഡോക്ടർക്കുനേരെയാണ് അന്ന് ലൈംഗികാതിക്രമമുണ്ടായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്.
കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ച കേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. വഞ്ചിയൂർ കോടതിക്ക് സമീപം നടക്കാനിറങ്ങിയ സ്ത്രീയും കവടിയാർ പണ്ഡിറ്റ് കോളനിക്ക് സമീപം കോച്ചിങ് ക്ലാസിന് പോയി മടങ്ങുകയായിരുന്ന വിദ്യാർഥിനികളും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടു.
തീർഥാടനത്തിന് പണം പിരിക്കാനെന്ന പേരിൽ എത്തിയ കൊല്ലം സ്വദേശി നഗരത്തിലെ വീട്ടിൽ ഒറ്റക്കുണ്ടായിരുന്ന പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത് കഴിഞ്ഞമാസമാണ്. ദിവസങ്ങൾക്ക് മുമ്പ് വിഴിഞ്ഞത്ത് വിദേശ വനിതക്കുനേരെയും അതിക്രമമുണ്ടായി. മ്യൂസിയം-വെള്ളയമ്പലം റോഡില്‍ സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ബൈക്കിലെത്തിയ യുവാവ് ആക്രമിച്ചത് കഴിഞ്ഞ ദിവസമാണ്.
ബൈക്കിലെത്തിയ ഇയാൾ പെൺകുട്ടിയുടെ ശരീരത്തിൽ അടിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പേയാടുള്ള വീട്ടിൽനിന്ന് പിടികൂടിയത്. എന്നാൽ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.