മുരുക്കുംപുഴയിൽ കെ-റെയിൽ വിരുദ്ധ സമരം രൂക്ഷം; മതിൽ ചാടിക്കടന്ന് കല്ലിടൽ
text_fieldsമംഗലപുരം: നിർദിഷ്ട കെ-റെയിൽ കല്ലിടലിനെതിരെ മുരുക്കുംപുഴയിൽ തിങ്കളാഴ്ചയും നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായി. രാവിലെ പത്തോടെ മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്തെ പ്രദേശങ്ങളിലാണ് കല്ലിടൽ തുടങ്ങിയത്. മംഗലപുരം സി.ഐ സജീഷിന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹം ഉണ്ടായിരുന്നു.
രാവിലെ മുതൽ കെ-റെയിൽ സമരസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം നൂറിലേറെ പേർ സ്ഥലത്ത് ഒത്തുകൂടിയാണ് പ്രതിഷേധിച്ചത്. വൻ പൊലീസ് സന്നാഹത്തോടെ കെ-റെയിൽ ഉദ്യോഗസ്ഥർ എത്തിയതോടെ നാട്ടുകാരുടെ പ്രതിഷേധം പ്രകടനമായി മാറി. രാവിലെ തന്നെ വീടും സ്ഥലവും നഷ്ടപ്പെടുന്നവർ ഗേറ്റുകൾ പൂട്ടി പുറത്ത് നിലയുറപ്പിച്ചിരുന്നു എന്നാൽ ഉദ്യോഗസ്ഥർ മതിലും ഗേറ്റുകളും ചാടിക്കടന്നാണ് പല സ്ഥലങ്ങളിലും കല്ലിട്ടത്.
ചൊവ്വാഴ്ച രാവിലെ വീണ്ടും കല്ലിടൽ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, പൊലീസിനെ ഉപയോഗിച്ച് ബലമായി കല്ലിടൽ തുടർന്നാൽ സമരത്തിന്റെ രീതിയും മാറ്റേണ്ടിവരുമെന്നും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങൾക്ക് ഉത്തരവാദി സർക്കാറായിരിക്കുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു. സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് ഇടപെടൽ ശക്തമാക്കാൻ പൊലീസിന് ഉന്നതങ്ങളിൽ നിന്ന് നിർദേശം ലഭിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.