ആൻറിജൻ ടെസ്റ്റ് ആധികാരികമെന്ന് ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയിൽ ആൻറിജൻ ടെസ്റ്റ് കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യവകുപ്പ്. കോവിഡ് പടരുന്ന സ്ഥലങ്ങളിൽ വേഗം അണുബാധ നിർണയിക്കുകയും ചികിത്സ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയാനും തുടർവ്യാപനം നിയന്ത്രിക്കാനും ഇത് സഹായിക്കും.
അണുബാധ വേഗത്തിൽ പടരുമ്പോൾ കുറച്ചുസമയത്തിനുള്ളിൽ പരിശോധനഫലം ലഭിക്കുന്ന പരിശോധനകൾ ആവശ്യമാണ്. അതിനാലാണ് ഇത്തരം സ്ഥലങ്ങളിൽ ആൻറിജൻ ടെസ്റ്റ് നടത്തുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ആൻറിജൻ ടെസ്റ്റിെൻറ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയതാണ്. ആൻറിജൻ ടെസ്റ്റിൽ പോസിറ്റിവായാൽ കോവിഡ് ബാധിതനാണെന്ന് ഉറപ്പിക്കാമെന്ന് ജൂലൈ ആറിന് ഐ.സി.എം.ആർ വ്യക്തമാക്കിയിട്ടുണ്ട്. മൂക്കിൽനിന്ന് സ്രവം എടുത്തുള്ള ലളിതമായ പരിശോധനയാണിത്. ചുരുങ്ങിയ സമയത്തിനുളളിൽ (30 മിനിറ്റ്) പരിശോധനഫലം ലഭിക്കും. ഈ ടെസ്റ്റിന് 99.3 മുതൽ 100 ശതമാനം വരെ കൃത്യതയുണ്ടെന്ന് ഐ.സി.എം.ആർ സാക്ഷ്യപ്പെടുത്തുന്നു.
ആൻറിജൻ ടെസ്റ്റിനെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും ആധികാരിക വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.