നിയമന കത്ത് വിവാദം: രാജി ആവശ്യത്തില്‍ ഉറച്ച് യു.ഡി.എഫും ബി.ജെ.പിയും
text_fieldsതിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഉറപ്പിച്ച് യു.ഡി.എഫും ബി.ജെ.പിയും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചക്കുശേഷം സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നാണ് ഇരു കക്ഷികളുടെയും നേതാക്കള്‍ നല്കുന്ന സൂചന. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭ കവാടത്തിന് മുന്നില്‍ യു.ഡി.എഫും ബി.ജെ.പിയും ആരംഭിച്ച സത്യഗ്രഹം ബുധനാഴ്ച 54 ദിവസം പിന്നിട്ടു.
നേരത്തേ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ യു.ഡി.എഫും ബി.ജെ.പിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തിനുശേഷം മറുപടി നല്‍കാമെന്നാണ് മന്ത്രി അറിയിച്ചത്. പിന്നീട് ഇപ്പോഴാണ് മന്ത്രി വീണ്ടും ആശയവിനിമയം നടത്താന്‍ തയാറാകുന്നതെന്ന് കോർപറേഷൻ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. പത്മകുമാര്‍ പറഞ്ഞു. തുടര്‍സമരം ഏതുരീതിയില്‍ വേണമെന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന് പറഞ്ഞു. മന്ത്രിതല ചര്‍ച്ചക്കുശേഷം ബി.ജെ.പി ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്നും സമരരീതി മാറ്റേണ്ടതുണ്ടെങ്കില്‍ അക്കാര്യവും ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോർപറേഷൻ കവാടത്തിന് മുന്നില്‍ യു.ഡി.എഫ് നടത്തിവരുന്ന സത്യഗ്രഹ സമരം ബുധനാഴ്ച കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കിയും ജനകീയസമരങ്ങളെ അടിച്ചമര്‍ത്തിയും തളര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷതവഹിച്ചു, ജി. സുബോധന്‍, പി.കെ. വേണുഗോപാല്‍, എം.എ. വാഹിദ്, ബീമാപള്ളി റഷീദ്, തോന്നയ്ക്കല്‍ ജമാല്‍, എസ്. കൃഷ്ണകുമാര്‍, ജഫേഴ്സണ്‍, വി.കെ. രാജു, കെ.പി. രാജശേഖരന് നായര്‍, ബി.എസ്. അനൂപ്, കെ.എസ്. അജിത് കുമാര്‍, ചന്ദ്രബാബു, കാരയ്ക്കാമണ്ഡപം രവി, എന്‍. വിശ്വനാഥന് നായര്‍, എം.എസ്. നൗഷാദ് എന്നിവര്‍ സംസാരിച്ചു.ബി.ജെ.പിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടന്നു. എം.ആര്. ഗോപന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ നഗരസഭക്കുള്ളില്‍ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.