നിയമന കത്ത് വിവാദം; സമരം വീണ്ടും കടുപ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും
text_fieldsതിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ സമരം തുടരുന്നതിനിടെ, വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറിയ സംഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും.
കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ ഡി.ആര്‍. അനില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ ആക്കുളം സുരേഷിനെതിരെ വധഭീഷണി മുഴക്കിയെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. വധഭീഷണിയില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ശനിയാഴ്ച മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ പൊലീസ് തയാറാകാത്തതിനെതിരെ നടത്തിയ മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.
മോശം പരാമര്‍ശത്തിലൂടെ ബി.ജെ.പി വനിത കൗണ്‍സിലര്‍മാരെ അപമാനിച്ച ഡി.ആര്‍. അനിലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും അര്‍ധരാത്രിയില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും ബി.ജെ.പി കൗണ്‍സിലര്‍മാരും മ്യൂസിയം െപാലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കൗണ്‍സില്‍ യോഗത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഒമ്പത് ബി.ജെ.പി കൗണ്‍സിലര്‍മാരെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെ കോർപറേഷൻ കൗണ്‍സില്‍ ഹാളില്‍ രാപ്പകല്‍ സത്യഗ്രഹം നടത്തിയ 22 ഓളം ബി.ജെ.പി കൗണ്‍സിലര്‍മാരെ രാത്രി പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കോർപറേഷൻ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റുചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ശനിയാഴ്ച കോർപറേഷനുള്ളിലും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി. ഞായറാഴ്ചയായതിനാല്‍ ഇന്ന് സമരങ്ങളില്ല. തിങ്കളാഴ്ച മുതല്‍ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുമെന്ന് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്‍. ഗോപന്‍ അറിയിച്ചു.അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് കവാടത്തിനുമുന്നില്‍ നടത്തുന്ന സമരം യു.ഡി.എഫ് ശക്തമാക്കി. ശനിയാഴ്ച കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്.
കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. പ്രതിഷേധിച്ച വനിതാ കൗണ്‍സിലര്‍മാരുടെ പുറത്ത് ചവിട്ടിക്കടന്ന മേയറെയും അസഭ്യവാക്കുകള്‍ കൊണ്ട് വനിതകളെ അപമാനിച്ച സ്ഥിരം സമിതി ചെയര്‍മാനെയും ഭരണ ചുമതലകളില്‍ നിന്ന് നീക്കം ചെയ്ത് സി.പി.എം പൊതുമൂഹത്തോട് മാപ്പുപറയണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു.
മുന്‍ എം.എൽ.എമാരായ വി.എസ്. ശിവകുമാര്‍, വര്‍ക്കല കഹാര്‍, എം.എ. വാഹിദ്, ജി. സുബോധന്‍, പി.കെ. വേണുഗോപാല്‍, എം.ആര്‍. മനോജ്, മലയിന്‍കീഴ് വേണുഗോപാല്‍, ചെമ്പഴന്തി അനില്‍, ബീമാപള്ളി റഷീദ്, പേയാട് ശശി, എ. ബാബുകുമാര്‍, വണ്ടന്നൂര്‍ സദാശിവന്‍ എന്നിവർ സംസാരിച്ചു.
കൗണ്‍സിലര്‍മാരായ പി. പത്മകുമാര്‍, ജോണ്‍സന്‍ ജോസഫ്, ഓമന, മേരി പുഷ്പം, പി. ശ്യാംകുമാര്‍, വനജ രാജേന്ദ്രബാബു, മിലാനി പെരേര, സതീദേവി, സെറാഫിൻ ഫ്രെഡി എന്നിവര്‍ പങ്കെടുത്തു. തിങ്കളാഴ്ച വാമനപുരം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.