ശിശുക്ഷേമ സമിതിയിലെ ആയ നിയമനം; കൃത്യമായ മാനദണ്ഡമില്ല
text_fieldsതിരുവനന്തപുരം: ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സ്വന്തം മക്കളെപോലെ പരിപാലിക്കേണ്ട ആയമാരെ തെരഞ്ഞെടുക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതിയിൽ വ്യക്തമായ മാനദണ്ഡങ്ങളില്ല. ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാർ അറസ്റ്റിലായതിനു പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.
നിയമാവലിയിൽ വ്യക്തമായ മാനദണ്ഡങ്ങൾ പറയുന്നില്ലെങ്കിലും പ്ളസ്ടു വരെ പഠിച്ചവരെയും ബാലസേവിക കോഴ്സ് പാസായവരെയുമാണ് നിയമിക്കുന്നത്.
പ്രീ പ്രൈമറി അധ്യാപികമാരാകാൻ ശിശുക്ഷേമ സമിതി തന്നെ നൽകിയ കോഴ്സാണ് ബാലസേവിക. അത് നിറുത്തലാക്കിയിട്ട് തന്നെ പത്തുവർഷത്തിലേറെയായി. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ ശിശുപരിചരണവുമായി യാതൊരു ബന്ധവുമില്ലാത്ത ബാലസേവിക കോഴ്സിന്റെ മറപിടിക്കുന്നത്.
ദിവസവേതനക്കാരായി മാത്രം നിയമിക്കുന്ന ആയമാരിൽ പലരും വർഷങ്ങളായി ഇവിടെ ജോലി നോക്കുന്നവരാണ്. എട്ടു മാസം മുമ്പാണ് ഒടുവിൽ ആയ നിയമനം നടന്നത്. അതിലും പ്ലസ് ടുവാണ് യോഗ്യതയായി കണക്കായിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശിശുക്ഷേമ സമിതി ആറുമാസം കൂടുമ്പോൾ പരിശീലന ക്ലാസ് നൽകാറുണ്ടെന്നും അധികൃതർ പറയുന്നു.
നിലവിൽ പ്ലസ് ടു പാസായ ആർക്കും ശിശുക്ഷേമ സമിതിയിൽ ആയമാരാകാം. പലരും രാഷ്ട്രീയ ബന്ധങ്ങളുടെയും ശുപാർശകളുടേയും പേരിലാണ് ആരോരുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷകരായി എത്തുന്നത്.
ഇവരുടെ ജീവിത പശ്ചാത്തലമോ മാനസികാരോഗ്യമോ പരിഗണിക്കപ്പെടാത്തതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നതും ഈ കുഞ്ഞുങ്ങളാണ്. ഇന്റർവ്യൂ കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തെ പരിശീലനം മാത്രമാണ് ആയമാർക്ക് ലഭിക്കുന്നത്. സർക്കാറിന്റെ ഭാഗത്തുനിന്ന് ഇതിന് യാതൊരു മാർഗരേഖയും ലഭിച്ചിട്ടില്ല.
നവജാത ശിശുക്കൾക്ക് നാല് കുട്ടികൾക്ക് ഒരു ആയ എന്ന നിലയിലും ഒന്നു മുതൽ മൂന്നു വയസുവരെയുള്ളവർക്ക് ആറ് കുട്ടികൾക്ക് ഒരു ആയ, അതിനുമുകളിൽ എട്ട് കുട്ടികൾക്ക് ഒരു ആയ എന്ന നിലയിലുമാണ് ആയമാരെ നിയമിക്കുക. നിലവിൽ 103 ആയമാരാണ് ശിശുക്ഷേമ സമിതിയിൽ ഉള്ളത്. മാറി മാറി വരുന്ന ഭരണസമിതിയാണ് ഇന്റർവ്യൂ ബോർഡിലെ അംഗങ്ങളെ തീരുമാനിക്കുന്നത്.
അതിന് ഒരു സ്ഥിരം സമിതിയെ വെക്കാനും സർക്കാർ തയാറായിട്ടില്ല. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയമാരായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വ്യക്തമായ യോഗ്യത വെക്കുന്നതിനെക്കുറിച്ചും മാനസിക ആരോഗ്യം ഉൾപ്പെടെയുള്ള ഫിറ്റ്നസ് പരിശോധനകൾ നടത്തുന്നതിനെക്കുറിച്ചും തീരുമാനിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.