വീട് ആക്രമിച്ച് ലൈംഗികാതിക്രമവും: കവർച്ചയും നടത്തിയ മൂന്നംഗസംഘം പിടിയിൽ
text_fieldsതിരുവനന്തപുരം: യുവതിയുടെ വീട് ആക്രമിച്ച് ലൈംഗികാതിക്രമവും കവർച്ചയും നടത്തിയ മൂന്നംഗസംഘം പിടിയിലായി. മലയിൻകീഴ് സ്വദേശികളായ കിച്ചു എന്ന ഹേമന്ദ് (27), ധനുഷ് എന്ന വിന്ധ്യൻ (34), കരമന നെടുങ്കാട് സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (38) എന്നിവരെയാണ് ഫോർട്ട് പൊലീസും കേൻറാൺമെൻറ് പൊലീസും സംയുക്തമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. അതിക്രമത്തിനിരയായ യുവതിയുടെ സുഹൃത്തായ പെൺകുട്ടിയുടെ ഭർത്താവാണ് അറസ്റ്റിലായ ഹേമന്ദ്. ഹേമന്ദ് നിരവധി കേസുകളിലെ പ്രതിയാണെന്ന വിവരം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചെന്നാരോപിച്ചാണ് ഹേമന്ദും സുഹൃത്തുക്കളായ സഹകുറ്റവാളികളും ചേർന്ന് യുവതിയുടെ വീടാക്രമിച്ചത്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. ദിവ്യ വി.ഗോപിനാഥിെൻറ നിർദേശാനുസരണം ഫോർട്ട് അസിസ്റ്റൻറ് കമീഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് സംഘം വലയിലായത്. ഹേമന്ദ് മലയിൻകീഴ് പൊലീസിനെ വടിവാൾ വീശി ആക്രമിച്ചതും കഠിനംകുളത്ത് ബോംബെറിഞ്ഞ് ജ്വല്ലറി കൊള്ളയടിച്ചതും ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വിന്ധ്യനും വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പുഞ്ചിരി വിനോദ് കാപ നിയമപ്രകാരമുള്ള നടപടി നേരിടുന്നയാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.