നിർമിത ബുദ്ധി: അന്താരാഷ്ട്ര കോൺക്ലേവ് തലസ്ഥാനത്ത്
text_fieldsതിരുവനന്തപുരം: നിർമിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത്. ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ ഐ.എം.ജിയിലാണ് സെമിനാർ. വിദ്യാഭ്യാസ, സാങ്കേതിക, നയരൂപവത്കരണ, വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിർമിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന മാറ്റങ്ങളും പരിണിതഫലങ്ങളും ചർച്ച ചെയ്യും. അമേരിക്കയിലെ ഗ്രീൻ മാംഗോ അസോസിയേറ്റ്സ് പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ. ക്ലിഫ് കുസ്മാൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഡോ. വിരാജ് കുമാർ, ചെന്നൈ എൻ.പി.ടി.ഇ.എൽ, ഐ.ഐ.ടിയിലെ ജയകൃഷ്ണൻ മഠത്തിൽ വാരിയം, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റിയിലെ ഡോ.എസ്. അഷ്റഫ്, ഡോ. അരുൺ സുരേന്ദ്രൻ, ഡോ. ദീപക് മിശ്ര, റോബിൻ ടോമി, ഡോ. അജിത്ത് അബ്രഹാം, ഡോ.ടി.ടി സുനിൽ, പ്രഫ. ഡോ.അച്ചുത് ശങ്കർ എസ്. നായർ, ഡോ. കുഞ്ചെറിയ പി. ഐസക്, അനൂപ് അംബിക, ഡോ. എം.എസ്. രാജശ്രീ എന്നിവർ സംബന്ധിക്കും.
സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലുടനീളമുള്ള ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജുകൾ, അപ്ലൈഡ് സയൻസ് കോളജുകൾ, പോളിടെക്നിക്കുകൾ, എക്സ്റ്റൻഷൻ സെന്ററുകൾ, ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സെമിനാറുകൾ സംഘടിപ്പിക്കും. രജിസ്ട്രേഷൻ വഴി ഓൺലൈനായും 150 പേർക്ക് നേരിട്ടും പങ്കെടുക്കാവുന്ന വിധത്തിലാണ് ദ്വിദിന സമ്മേളനം.
കോൺക്ലേവ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് https://icgaife.ihrd.ac.in/. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ. അരുൺകുമാറും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.