ചാമ്പ്യൻ പോരാട്ടത്തിൽ തിരുവനന്തപുരം സൗത്ത്
text_fieldsതിരുവനന്തപുരം: കലയുടെ ചിലമ്പൊലി നിറഞ്ഞ കൗമാരമേളയിൽ പ്രതിഭകളുടെ ചാമ്പ്യൻഷിപ്പിനായുള്ള പോരാട്ടത്തിലാണ് തിരുവനന്തപുരം സൗത്ത്, നോർത്ത് ഉപജില്ലകൾ. അവസാന ദിനമായ വെള്ളിയാഴ്ച ചാമ്പ്യനാരെന്ന് അറിയാനാകും.
മൂന്നാം ദിനത്തിലെ മത്സരങ്ങൾ ഏകദേശം പൂർത്തിയാകുമ്പോൾ 558 പോയന്റുമായി തിരുവനന്തപുരം സൗത്ത് മുന്നിൽ. തൊട്ടുപിന്നാലെ 521 പോയന്റുമായി തിരുവനന്തപുരം നോർത്ത് ഒപ്പമുണ്ട്. 31 പോയന്റുകളുടെ വ്യത്യാസം മാത്രമാണ് രണ്ട് ഉപജില്ലകളിൽ തമ്മിലുള്ളത്. കിളിമാനൂർ-508, നെടുമങ്ങാട് -455, ആറ്റിങ്ങൽ -426 ഉപ ജില്ലകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനത്തുള്ളത്.
സ്കൂളുകളിൽ വഴുതക്കാട് കാർമൽ ഇ.എം ഗേൾസ് എച്ച്.എസ്.എസ് 178 പോയന്റുമായി മുന്നേറുന്നു. 148 പോയന്റ‍് നേടിയ ആറ്റിങ്ങൽ കടുവയിൽ കെ.ടി.സി.ടി ഇ.എം എച്ച്.എസ്.എസ് പിന്നിലുണ്ട്. നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ് -129, കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്-121, കിളിമാനൂർ ആർ.ആർ.വി ജി.എച്ച്.എസ്.എസ് -108 എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനത്തുള്ളത്.
വ‍്യാഴാഴ്ച വേദികളിൽ ഗ്ലാമർ ഇനങ്ങളായി മാറിയത് സംഘനൃത്തവും ഒപ്പനയുമാണ്. ഇശൽതാളത്തിൽ മൊഞ്ചത്തിമാർ കൊട്ടിക്കയറിയ ഒപ്പനയും സംഘനൃത്തവും കാണാനാണ് കുറച്ചെങ്കിലും കാണികൾ എത്തിയത്. മറ്റിനങ്ങൾ നടന്ന വേദികൾക്ക് മുമ്പിൽ കാഴ്ചക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. തലസ്ഥാനനഗരം ഒഴിവാക്കി ജില്ലയുടെ മറ്റ് സ്ഥലങ്ങളിൽ കലോത്സവം നടന്നിരുന്നുവെങ്കിൽ കൂടുതൽ കാണികളുണ്ടാകുമായിരുന്നെന്ന് സംഘാടകർ വ‍്യക്തമാക്കുന്നു.
വെള്ളിയാഴ്ച വിവിധ വേദികളിലായി പരിചമുട്ട്, മാർഗംകളി, ചവിട്ടുനാടകം, നാടകം, മോണോ ആക്ട്, മിമിക്രി തുടങ്ങിയ ഇനങ്ങൾ മാറ്റരുക്കും. ജില്ല കലോത്സവത്തിന്റെ സമാപന സമ്മേളനം ശനിയാഴ്ച കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.