അരുവിക്കര: അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ സി.പി.എം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിലെ പ്രവർത്തനത്തിൽ സി.പി.എം തിരുവനന്തപുരം ജില്ല സെക്രേട്ടറിയറ്റംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ വി.കെ. മധുവിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ട്. ജില്ല സെക്രേട്ടറിയറ്റ് ചുമതലപ്പെടുത്തിയ കമീഷൻ റിപ്പോർട്ട് ആഗസ്റ്റ് 26, 27 ന് ചേരുന്ന സി.പി.എം ജില്ല സെക്രേട്ടറിയറ്റും ജില്ല കമ്മിറ്റിയും പരിഗണിക്കും.
അരുവിക്കര മണ്ഡലം കോൺഗ്രസിൽനിന്ന് സി.പി.എമ്മിലെ ജി. സ്റ്റീഫൻ പിടിച്ചെടുത്തെങ്കിലും പാർട്ടി കണക്കുകൂട്ടിയ വോട്ട് ലഭിച്ചില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. 5046 വോട്ടിനാണ് കാട്ടാക്കട മുൻ ഏരിയ സെക്രട്ടറി ജി. സ്റ്റീഫൻ ജയിച്ചത്. എന്നാൽ, മണ്ഡലം ഉൾപ്പെടുന്ന വിതുര ഏരിയയുടെ ചുമതലയുണ്ടായിരുന്ന വി.കെ. മധു വേണ്ടത്ര പ്രവർത്തിച്ചില്ലെന്ന് ഫല പ്രഖ്യാപനത്തിനുേശഷം പാർട്ടിക്കുള്ളിൽ നിന്നുതന്നെ പരാതി ഉയർന്നു. തുടർന്നാണ് ജില്ല സെക്രേട്ടറിയറ്റംഗം സി. ജയൻബാബു, കെ.സി. വിക്രമൻ ഉൾപ്പെട്ട അന്വേഷണ കമീഷനെ നിയോഗിച്ചത്. കമീഷന് മുന്നിൽ മൊഴി നൽകിയ വിവിധ ഏരിയ സെക്രട്ടറിമാർ മധു വേണ്ടത്ര സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയതായാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ആദ്യഘട്ടത്തിൽ സജീവമായിരുന്ന മധു പിന്നീട് പിന്നാക്കം പോയെന്ന നിഗമനത്തിലാണ് കമീഷൻ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വികസനപദ്ധതികൾ നടപ്പാക്കിയെങ്കിലും പ്രചാരണ പ്രവർത്തനത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഗുണകരമാകുന്നതരത്തിൽ മധു ഇടപെട്ടില്ലെന്നും കമീഷന് മുന്നിൽ മൊഴികളുണ്ട്.
പി.ബിയംഗം കോടിയേരി ബാലകൃഷ്ണൻ പെങ്കടുത്താണ് ജില്ല നേതൃയോഗം ചേരുന്നത്. എന്നാൽ, നേതൃയോഗം കമീഷൻ റിപ്പോർട്ട് പരിഗണിക്കും മുമ്പ് അതിെൻറ ഉള്ളടക്കമെന്ന നിലയിൽ ചാനലുകളിൽ വാർത്ത നൽകിയതിന് പിന്നിൽ വിഭാഗീയതയുണ്ടെന്ന ആക്ഷേപം നേതൃത്വത്തിൽ ഒരു വിഭാഗത്തിനുണ്ട്. അതടക്കം യോഗത്തിൽ ഉയർന്നേക്കും. മധുവിനെതിരെ പാർട്ടിക്കുള്ളിലെ താക്കീത് പോലുള്ള നടപടിയാണോ സെക്രേട്ടറിയറ്റിൽനിന്നുള്ള തരംതാഴ്ത്തലാണോ ഉണ്ടാകുകയെന്നത് വരുന്ന പാർട്ടി സമ്മേളനത്തിലും അടിയൊഴുക്കുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.