ബാധ ഒഴിപ്പിക്കൽ മന്ത്രവാദത്തിെൻറ പേരിൽ പീഡനം: രണ്ടുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: ഗന്ധർവബാധ ഒഴിപ്പിക്കാനെന്ന വ്യാജേന മന്ത്രവാദം നടത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ശ്രീകാര്യം ചെറുവയ്ക്കൽ അലത്തറ വാറുവിള വീട്ടിൽ സുരേന്ദ്രൻ എന്ന എലുമ്പൻ സുരേഷ് (52), പൗഡിക്കോണം ഉളിയാഴത്തുറ അരുവിക്കരക്കോണം വല്യാട്ടുമഠം വീട്ടിൽ ഷാജിലാൽ (50) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
അലത്തറ സ്വദേശിയായ യുവതിയെയാണ് പ്രതികൾ മന്ത്രവാദത്തിെൻറ മറവിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ പിതാവ് അസുഖബാധിതനായി കിടപ്പിലായതിനെതുടർന്ന് പരിചയക്കാരനായ സുരേന്ദ്രൻ അച്ഛനെ പരിചരിക്കാനും മറ്റുമായി വീട്ടിൽ സഹായിയായി മാറുകയായിരുന്നു.
യുവതിയുടെ അച്ഛെൻറ അസുഖത്തിന് കാരണവും യുവതിക്ക് വിദേശത്തേക്ക് പോകാൻ തടസ്സവുമായി നിൽക്കുന്നതും ഗന്ധർവബാധയാണെന്നും അത് ഒഴിപ്പിക്കുന്നതിന് അലത്തറ ദേവീക്ഷേത്രത്തിലെ പൂജാരി ഷാജിലാൽ സഹായിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് ബാധ ഒഴിപ്പിക്കുന്നതിനായി പൂജ നടത്തുന്നതിനിടെ ഇരുവരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ ദുർമന്ത്രവാദം ചെയ്ത് നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് രക്ഷാകർത്താക്കളെ വിവരമറിയിച്ച യുവതി ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥിെൻറ നിർദേശാനുസരണം ശ്രീകാര്യം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്, എസ്.ഐ വിപിൻ പ്രകാശ്, എസ്.സി.പി.ഒ ബിനു.ജി.എസ്, സി.പി.ഒമാരായ റനീഷ്, റൂബിമോൾ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.