കരകൗശല മേഖലയില്‍ സംരംഭങ്ങള്‍ക്കുള്ള സഹായം ഉയര്‍ത്തും- മന്ത്രി പി. രാജീവ്
text_fieldsതിരുവനന്തപുരം: കരകൗശല മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ആശാ പദ്ധതിയിലൂടെ നൽകുന്ന ധനസഹായം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കരകൗശല മേഖലയില്‍ മികച്ച സംഭാവനകള്‍ നൽകിയവര്ക്കുള്ള 2021 ലെ കരകൗശല പുരസ്കാര വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പൊതുവിഭാഗത്തിന് നൽകുന്ന മൂലധന സഹായം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് നിലവിലെ മൂന്നുലക്ഷം രൂപയില്‍ നിന്ന് നാലര ലക്ഷമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമലാസനന്. എന്‍(ദാരുശില്പങ്ങള്), എ. പ്രതാപ് (പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്പങ്ങള്), സുരേന്ദ്രന് കെ.കെ (ചൂരല്‍ മുള കലാരൂപങ്ങള്‍), ജയകുമാരി എം.എല്‍ (ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്ര തുന്നല്‍), രാജേന്ദ്രന് ടി.വി (ലോഹശില്പങ്ങള്), മുരളി കെ.വി (ചിരട്ട ഉപയോഗിച്ചുള്ള കലാരൂപങ്ങള്‍), എ.കെ. അരുണ്‍ (വിവിധ വസ്തുക്കളില്‍ നിര്‍മിച്ച കലാരൂപങ്ങള്‍) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മാസ്കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരി കിഷോര്‍ പങ്കെടുത്തു. വ്യവസായവകുപ്പ് സ്പെഷല്‍ സെക്രട്ടറി ആനി ജൂലാ തോമസ്, കൈത്തറി ഡയറക്ടര്‍ അനില്‍കുമാര്‍ കെ.എസ്, ഡെവലപ്മെന്റ് കമീഷണര്‍ (ഹാന്റിക്രാഫ്റ്റ്സ്) അസിസ്റ്റന്റ് ഡയറക്ടര്‍ ലെനിന് രാജ് കെ.ആര്, വ്യവസായവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍മാരായ ജി. രാജീവ്, ഡോ. കെ.എസ്. കൃപകുമാര്‍ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.