വിഴിഞ്ഞത്ത് സി.പി.എം ബൂത്ത് കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം
text_fieldsവിഴിഞ്ഞം: തെരഞ്ഞെടുപ്പിന് പിന്നാലെ വിഴിഞ്ഞം ആമ്പൽക്കുളത്ത് സി.പി.എം ബൂത്ത് കമ്മിറ്റി ഓഫിസിനുനേരെ കോൺഗ്രസ്-എസ്.ഡി.പി.െഎ ആക്രമണം. ഓഫിസിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്ക്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ മുതൽ തന്നെ സ്ഥലത്ത് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷ സാധ്യത ഉണ്ടായിരുന്നു. പൊലീസ് ക്യാമ്പ് ചെയ്തിരുന്നതിനാൽ സ്ഥിതി ശാന്തമായി തുടർന്നു.
എന്നാൽ വൈകിട്ടോടെ ഒരു സംഘം സി.പി.എം വിഴിഞ്ഞം വാർഡ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടർന്ന് സ്ഥലത്ത് സി.പി.എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബൂത്ത് കമ്മിറ്റി ഓഫിസിലുണ്ടായിരുന്ന അഞ്ച് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു.വിഴിഞ്ഞം വടുവച്ചാൽ സ്വദേശികളായ നൗഷാദ് (44), ഷമീർ (39), പീരുമുഹമ്മദ് (31), സക്കീർ ഹുസൈൻ (49), അബ്ദുൾ റസാഖ് (41) എന്നിവരെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോൺഗ്രസ് പ്രവർത്തകരായ അൻസാരി, നിസാം, സഫിയുള്ള, സുധീർ, സബീബ്, അഫ്സഖ്, ഷെരീഫ, ജാഫർ, പൈസൽ എന്നിവരും ചില എസ്.ഡി.പി.ഐ പ്രവർത്തകരുമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിൽ ജാഫർ, ഫൈസൽ എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ജില്ല സെക്രട്ടറി അനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സിറ്റി കൺേട്രാൾ റൂം അസി. കമീഷണർ സ്റ്റുവർട്ട് കീലറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.