അന്തർസംസ്ഥാനതൊഴിലാളികളെ ആക്രമിച്ച് കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsമംഗലപുരം: അന്തർസംസ്ഥാനതൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവർന്ന കേസിലെ മുഖ്യപ്രതിയെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. ആലുനിന്നവിള വീട്ടിൽ അൻസർ (24) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് അൻസറിനെ മംഗലപുരം എസ്.ഐ എസ്. രാജീവിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് മംഗലപുരം കൊയ്ത്തൂർകോണം വെള്ളൂരിൽ അന്തർസംസ്ഥാനതൊഴിലാളികളുടെ താമസസ്ഥലത്ത് മൂന്നംഗ ഗുണ്ടാസംഘം അതിക്രമിച്ചുകയറി തൊഴിലാളികളെ മർദിച്ചത്. തുടർന്ന് മൊബൈൽ ഫോണുകളും 10,500 രൂപയും കവരുകയായിരുന്നു.
കൊയ്ത്തൂർക്കോണം വെള്ളൂർ ഗാന്ധി സ്മാരകത്തിനുസമീപമുള്ള കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ഷാമചരൺ മണ്ഡൽ, ബാപ്പി തണ്ഡർ, നയൻ തണ്ഡർ, ആഷിഷ് മാജി, പഥിക് മണ്ഡൽ എന്നിവർക്കാണ് മർദനമേറ്റത്. കേസിൽ രണ്ട് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ട്.
മുഖ്യപ്രതി അറസ്റ്റിലായ അൻസർ കാപ്പ കേസ് പ്രകാരം കരുതൽതടങ്കൽ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. വധശ്രമം, കവർച്ച, ഗുണ്ടാആക്രമണം, ഉൾെപ്പടെ ഇരുപതിലധികം കേസുകളിൽ പ്രതിയാണിയാൾ. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ പത്തനംതിട്ടയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞവർഷം ഗുണ്ടകളുമായുള്ള പൊലീസ് ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷൻ എസ്.എച്ച്.ഒ ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്യുകയും മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഒരിടവേളക്കുശേഷമാണ് ഇപ്പോൾ വീണ്ടും മംഗലപുരത്ത് ഗുണ്ടാ ആക്രമണങ്ങൾ പതിവായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.