സൈനികനുനേരെ ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsപാങ്ങോട്: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത സൈനികനെ ആക്രമിക്കുകയും സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ കോട്ടൂർ കൃഷ്ണവിലാസംവീട്ടിൽ മനുജിത്ത് (26), ഷാഹിൽ മൻസിലിൽ ആഷിക് (26), അൽഅമീൻ മൻസിലിൽ ആൽത്താഫ് (23) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് രാത്രി 10.45ന് കല്ലറ മീതൂരിൽ ആണ് സംഭവം. സംഘം മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത ഭരതന്നൂർ സ്വദേശിയായ സൈനികനെ നിലത്ത് തള്ളിയിട്ട് മർദിക്കുകയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ട സൈനികനെ കാറിൽ പിന്തുടർന്ന് കല്ലറ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ തടഞ്ഞുനിർത്തുകയും കമ്പി കൊണ്ട് തലക്കടിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് കേസ്. പരിക്കേറ്റ സൈനികനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കല്ലറയിൽ നിന്ന് പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ ആഷിക് കഴിഞ്ഞ മാസം മറ്റൊരു കേസിൽ റിമാൻഡിലായി ജാമ്യത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിർദേശാനുസരണം പാങ്ങോട് സി.ഐ ദിനേശ് .ജെ., പ്രിൻസിപ്പൽ എസ്.ഐ. വിജിത് െക. നായർ, എസ്.ഐ സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ നിസാം, വിഷ്ണു, ബിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.