പഞ്ചായത്തുവക സ്ഥലത്തെ മരങ്ങൾ മുറിച്ചുകടത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു
text_fieldsനെടുമങ്ങാട്: പഞ്ചായത്തുവക സ്ഥലത്തുനിന്ന പതിനായിരങ്ങൾ വില വരുന്ന മരങ്ങൾ മുറിച്ചുകടത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ആനാട് പഞ്ചായത്ത് മന്നൂർക്കോണം വാർഡിലെ കൂപ്പിൽ പഞ്ചായത്ത് നിർമിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ നിർമിക്കുന്ന ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചത്. മരങ്ങൾ ലേലംചെയ്തു നൽകാതെ മുറിച്ചുമാറ്റി.
പിന്നീട് തടി കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ തടഞ്ഞിട്ടത്. ആഞ്ഞിലി ഉൾപ്പെടെയുള്ളതാണ് മുറിച്ച മരങ്ങൾ. സർക്കാർ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ സോഷ്യൽ ഫോറസ്ട്രിയുടെ അംഗീകാരം വേണം. പഞ്ചായത്ത് ആവശ്യപ്പെടുന്ന മുറക്ക് ഇവർ സ്ഥലം സന്ദർശിച്ച്, ആവശ്യം കണക്കിലെടുത്ത് മരം മുറിക്കാൻ അനുമതി നൽകും. മുറിക്കുന്ന മരങ്ങൾക്ക് വില നിശ്ചയിച്ചുനൽകുന്നതും സോഷ്യൽ ഫോറസ്ട്രി ആണ്. ഇവർ നിശ്ചയിച്ചു നൽകുന്ന തുകക്ക് തടി ലേലം ചെയ്തു നൽകുകയെന്നതാണ് നിയമം. പഞ്ചായത്ത് വകയായതിനാൽ പഞ്ചായത്ത് നോട്ടീസ് നൽകി മരങ്ങൾ ലേലം ചെയ്യേണ്ടതായിരുന്നെങ്കിലും ഇതൊന്നും പാലിക്കാതെ ഭരണസ്വാധീനം ഉപയോഗിച്ച് മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു.
പഞ്ചായത്തുവക മരങ്ങൾ മുറിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്കും മറ്റും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.